കോഴിക്കോട് ∙ മനുഷ്യരെ സ്വതന്ത്രരാക്കുന്ന കോടതിവിധികൾ വരുന്ന ഇക്കാലത്ത് ജനപ്രിയ സാഹിത്യകാരൻമാരെ മോചിപ്പിച്ചു മുഖ്യധാരയിലേക്കു കൊണ്ടുവരണമെന്ന് എം. മുകുന്ദൻ. നമ്മുടെ ഭാഷയിലെ ഏറ്റവും മുതിർന്ന ആദരണീയരായ, സമ്മാനിതരായ എഴുത്തുകാരെക്കാൾ കൂടുതൽ വായനക്കാർ അവർക്കുണ്ട്. ‘മലയാളത്തിലെ ജനപ്രിയ നോവൽ’ എന്ന വിഷയത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയും മലയാള മനോരമ ആഴ്ചപ്പതിപ്പും ചേർന്നു സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനപ്രിയ സാഹിത്യത്തെ മോചിപ്പിക്കാനുള്ള വഴി സാമൂഹിക വിഷയങ്ങളെ ഉൾപ്പെടുത്തുക എന്നതാണ്. ജനപ്രിയ സാഹിത്യമില്ലാതെ ഒരു സാഹിത്യത്തിനും മുന്നോട്ടു പോകാനാവില്ല. ആ വാതിലിലൂടെയാണു താൻ ഉൾപ്പെടെ ഒട്ടേറെപ്പേർ വായനയുടെ ലോകത്തേക്കു പ്രവേശിച്ചത്. ജനപ്രിയ സാഹിത്യമില്ലായിരുന്നെങ്കിൽ ഇന്നത്തെ ഒരുപാടു വായനക്കാർ നമുക്കു നഷ്ടപ്പെടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മനോരമ ആഴ്ചപ്പതിപ്പ് എഡിറ്റർ ഇൻ ചാർജ് കെ.എ. ഫ്രാൻസിസ് ആധ്യക്ഷ്യം വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ദക്ഷിണ മേഖല റീജനൽ ഒാഫിസ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ എൻ.വി. പുരുഷോത്തം ആചാർ, ഗിരിജ സേതുനാഥ്, ബാറ്റൺ ബോസ്, മനോരമ ആഴ്ചപ്പതിപ്പ് അസി. എഡിറ്റർ എം.എസ്. ദിലീപ് എന്നിവർ പ്രസംഗിച്ചു. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കെ.കെ. സുധാകരൻ, എൻ.കെ. ശശിധരൻ, മെഴുവേലി ബാബുജി, കെ.വി. അനിൽ എന്നിവർ ജനപ്രിയ സാഹിത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.
∙ 'ജനപ്രിയ സാഹിത്യം എന്ന വിശേഷണംതന്നെ ശരിയല്ല. ജനപ്രിയ സാഹിത്യകാരൻമാരും എഴുത്തുകാരാണ്. അവർ എഴുതുന്നതും സാഹിത്യമാണ്. ജനപ്രിയ സാഹിത്യം എന്ന പേരിൽ പുരസ്കാരവും വേണ്ട. അതവരെ കൂടുതൽ അപമാനിക്കുന്നതാകും.' - എം. മുകുന്ദൻ