തിരുവനന്തപുരം ∙ മലയാളത്തിന്റെ പ്രിയ കഥാകാരൻ എം. മുകുന്ദന് എഴുത്തച്ഛൻ പുരസ്കാരം. സാഹിത്യരംഗത്തു സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയാണു നോവലിസ്റ്റും ചെറുകഥാകൃത്തുമായി മലയാള സാഹിത്യത്തിന്റെ കെട്ടും മട്ടും തന്നെ മാറ്റിയെഴുതിയ മുകുന്ദനെ തേടിയെത്തിയിരിക്കുന്നത്. 5 ലക്ഷം രൂപയാണു പുരസ്കാരത്തുക.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ഡൽഹി, ദൈവത്തിന്റെ വികൃതികൾ തുടങ്ങിയവയാണു പ്രധാന രചനകൾ. ഡൽഹിയിലെ ഫ്രഞ്ച് എംബസിയുടെ സാംസ്കാരിക വകുപ്പിൽ 37 വർഷം ജോലി ചെയ്തശേഷം ഡപ്യൂട്ടി കൾച്ചറൽ അറ്റാഷെയായി വിരമിച്ചു.
ഫ്രഞ്ച് സർക്കാരിന്റെ ‘ഷെവലിയർ’ ബഹുമതി, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.