കാബൂൾ∙ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ബോംബ് സ്ഫോടനത്തിൽ എട്ടു മരണം. 40 പേർക്കു പരുക്കേറ്റു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. റോഡരികിൽ കിടന്ന ബോംബിൽ ബസ് തട്ടിയപ്പോൾ സ്ഫോടനമുണ്ടാകുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണു സംഭവം. കാബൂളിലേക്കു പോകുകയായിരുന്നു ബസ്.
സൈന്യത്തെ ലക്ഷ്യമിട്ട് താലിബാൻ സ്ഥാപിച്ച ബോംബായിരുന്നെന്നും ദൗർഭാഗ്യവശാൽ യാത്രാബസിലുള്ളവർ അതിന് ഇരകളാകുകയായിരുന്നെന്നും ഫറാ പ്രവിശ്യാ പൊലീസ് വക്താവ് മുഹീബുള്ള മുഹിബ് പറഞ്ഞു. എന്നാൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തിട്ടില്ല.
ഫറാ പ്രവിശ്യ താലിബാൻ ഭീകരരുടെ ശക്തമായ സാന്നിധ്യമുള്ളയിടമാണ്. ഇക്കഴിഞ്ഞ മേയിൽ പ്രവിശ്യ പിടിച്ചടക്കാനുള്ള ശ്രമവും ഭീകരരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. അന്ന് യുഎസ്, അഫ്ഗാൻ സൈന്യത്തിന്റെ ചെറുത്തുനിൽപാണു സഹായകരമായത്. ഒരു ദിവസം മുഴുവൻ നീണ്ട പോരാട്ടത്തിനൊടുവിൽ ഭീകരരെ സൈന്യം തുരത്തുകയായിരുന്നു.