വാഷിങ്ടൻ∙ ചൊവ്വാരഹസ്യങ്ങൾ തേടിയുള്ള പര്യവേക്ഷണത്തിൽ ആറു വർഷം പൂർത്തിയാക്കി നാസയുടെ ക്യൂരിയോസിറ്റി പേടകം. ചൊവ്വാഗ്രഹം കരുതിവച്ചിരിക്കുന്ന രഹസ്യങ്ങളുടെ കലവറ പരിശോധിച്ചു വിവരങ്ങൾ ഭൂമിലേക്ക് അയയ്ക്കുകയെന്ന ദൗത്യവും പേറി 2012 ഓഗസ്‌റ്റ് ആറിനാണു ക്യൂരിയോസിറ്റി എന്ന ശാസ്‌ത്ര പരീക്ഷണശാല ചൊവ്വയിലെ ഗേൽ ക്രേറ്റർ മേഖലയിൽ ഇറങ്ങിയത്.
ചൊവ്വയിലെ മേൽമണ്ണു തുരന്നു പരിശോധിച്ച ക്യൂരിയോസിറ്റി ശാസ്‌ത്രജ്‌ഞർക്കു നൽകിയതു വിലപ്പെട്ട വിവരങ്ങളാണ്. ചൊവ്വയിൽ ഒരുകാലത്ത് ഉണ്ടായിരുന്നുവെന്നു കരുതപ്പെടുന്ന ജീവന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതാണ് ഇതുവരെയുള്ള പരീക്ഷണ ഫലങ്ങളിൽ ഏറ്റവും പ്രധാനം. ഗ്രഹത്തിലെ പാറകൾ തുരന്നു നടത്തിയ പരീക്ഷണങ്ങളിലൂടെ ജീവന്റെ രാസഘടകങ്ങളായ സൾഫർ, നൈട്രജൻ, ഓക്‌സിജൻ, ഫോസ്‌ഫറസ്, കാർബൺ എന്നിവയുടെ സാന്നിധ്യം ഉറപ്പിച്ചു. ഇതിനു പുറമേ കളിമണ്ണു ധാതുക്കളുടെയും സൂക്ഷ്‌മാണു ജീവികൾക്ക് ഊർജസ്രോതസ്സുകളായി മാറുന്ന സൾഫേറ്റ്‌സ്, സൾഫൈഡ്‌സ് ധാതുക്കളുടെയും സാന്നിധ്യവും കണ്ടെത്തി. ഗേൽ ക്രേറ്റർ മേഖലയിൽ ശക്‌തിയേറിയ ജലപ്രവാഹം ഉണ്ടായിരുന്നതിന്റെ തെളിവായി ചരലുകളും ചെറിയ ഉരുളൻകല്ലുകളും നീർത്തടത്തിന്റെ ശേഷിപ്പുകളും കണ്ടെത്തിയിരുന്നു.
ഭാവി ചൊവ്വാദൗത്യങ്ങൾക്കായി വിലപ്പെട്ട ഒട്ടേറെ വിവരങ്ങൾ ക്യൂരിയോസിറ്റി നാസയ്‌ക്കു നൽകി. 2014ൽ ചൊവ്വയിൽ മീഥേൻ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ക്യൂരിയോസിറ്റി, പാറകളുടെ പ്രായം, മണ്ണിന്റെ ഘടന എന്നിവയെക്കുറിച്ചുള്ള പുത്തൻ അറിവുകൾ നാസയ്‌ക്കു കൈമാറി. ചൊവ്വയിലെ പുരാതന അന്തരീക്ഷത്തെക്കുറിച്ചു സൂചനകൾ നൽകുന്നതാണു ക്യൂരിയോസിറ്റി നടത്തിയ പല കണ്ടെത്തലുകളും.
2013ൽ ക്യൂരിയോസിറ്റിയുടെ ചക്രങ്ങൾക്കുണ്ടായ ചെറിയ തകരാർ മൂലം വേഗം കുറഞ്ഞതുകൊണ്ടു സഞ്ചാരപാതയിൽ ചെറിയ മാറ്റം വരുത്തിയിയിരുന്നു. പ്രവർത്തന കാലാവധി ഒരു ചൊവ്വാവർഷമായിട്ടാണു (ഭൂമിയിലെ 687 ദിനങ്ങൾക്കു തുല്യമാണ് ഒരു ചൊവ്വാവർഷം) നിശ്‌ചയിച്ചിരുന്നതെങ്കിലും റേഡിയോ ഐസോടോപ്പുകൾ അടിസ്‌ഥാനമാക്കിയ തെർമോ ഇലക്‌ട്രിക് ജനറേറ്ററുകൾ പ്രവർത്തിക്കുന്നിടത്തോളം ക്യൂരിയോസിറ്റിയുടെ യാത്ര തുടരാനാണു തീരുമാനം.