ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തൻ ആർ.കെ.ധവാൻ അന്തരിച്ചു

ആർ.കെ.ധവാൻ

ന്യൂഡൽഹി ∙ മുതിർന്ന കോൺഗ്രസ് നേതാവ് രജീന്ദർ കുമാർ ധവാൻ(ആർ.കെ.ധവാൻ – 81) അന്തരിച്ചു. ബിഎൽ കപൂർ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നുവെന്ന്  അദ്ദേഹത്തിന്റെ കുടുംബവൃത്തങ്ങൾ അറിയിച്ചു. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അദ്ദേഹം ഇന്ദിരയുടെ വിശ്വസ്തനെന്ന നിലയിൽ ഏറെ പ്രശസ്തനാണ്. മുൻ രാജ്യസഭാംഗമാണ്. 1962 ൽ ഇന്ദിരാ ഗാന്ധിയുടെ പഴ്സനൽ അസിസ്റ്റന്റായി ഔദ്യോഗിക ജീവിതമാരംഭിച്ച അദ്ദേഹം 1984 ൽ ഇന്ദിരാ ഗാന്ധി വെടിയേറ്റു വീഴും വരെ അവർക്കൊപ്പം പ്രവർത്തിച്ചു. 1975–77 ലെ അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്രത്തിൽ അധികാരം കേന്ദ്രീകരിച്ചപ്പോൾ ഇന്ദിരയുടെ വിശ്വസ്തനെന്ന നിലയിൽ ധവാൻ ഭരണതലത്തിൽ നിർണായക സാന്നിധ്യമായി.

രമേശ് ചെന്നിത്തല അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗവുമായിരുന്ന ആര്‍.കെ. ധവാന്റെ നിര്യാണത്തില്‍  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. കോണ്‍ഗ്രസ് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ കാലത്ത്  ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചുനിന്ന അദ്ദേഹം അതുല്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്ന് രമേശ് ചെന്നിത്തല  അനുശോചന സന്ദേശത്തില്‍ പറഞ്ഞു.