ജയ്പുർ ∙ പത്മഭൂഷൺ ജേതാവും പ്രശസ്ത കാർഷിക സാമ്പത്തിക വിദഗ്ധനുമായ വിജയ് ശങ്കർ വ്യാസ് (87) അന്തരിച്ചു. സംസ്കാരം ലാൽ കോത്തി ശ്മശാനത്തിൽ നടക്കുമെന്ന് മകൻ വിക്രം വ്യാസ് അറിയിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
നിരവധി ദേശീയ, രാജ്യാന്തര സ്ഥാപനങ്ങളിൽ നേതൃത്വപരവും ഔദ്യോഗികപരവുമായ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം), ജയ്പുരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്‍റ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറായിരുന്നു. ലോക ബാങ്കിന്‍റെ കാർഷിക, ഗ്രാമീണ വികസന വിഭാഗത്തിന്‍റെ പ്രത്യേക ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവർ അനുശോചനം രേഖപ്പെടുത്തി.