Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ല; ഐപിസി 497–ാം വകുപ്പ് റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി∙ വിവാഹേതര ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന ഐപിസി സെക്‌ഷൻ 497, സിആർപിസി 198(2) എന്നീ വകുപ്പുകൾ റദ്ദാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് ഏകകണ്ഠേനയാണ് വിധി പ്രസ്താവിച്ചത്. 158 വർഷങ്ങൾ പഴക്കമുള്ള വകുപ്പാണ് ഐപിസി സെക്‌ഷൻ 497. വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെടുമ്പോൾ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കാം. അതുപോലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ പങ്കാളി ആത്മഹത്യ ചെയ്താൽ തെളിവുകളുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ഖാൻവിൽക്കറും പറഞ്ഞു.

സ്ത്രീയുടെ അധികാരി ഭർത്താവല്ല. സ്ത്രീക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണ്. വിവാഹേതരബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന െഎപിസി സെക്ഷൻ 497 സ്ത്രീകളുടെ അഭിമാനത്തിന് കളങ്കമേൽപ്പിക്കുന്നു. തുല്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നു. സമൂഹം പറയുന്നതുപോലെ പ്രവർത്തിക്കാൻ സ്ത്രീ ബാധ്യസ്ഥയല്ലെന്നും ഇരുവരും വ്യക്തമാക്കി. സെക്ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്നും നീക്കം ചെയ്യേണ്ടതാണെന്നും ജസ്റ്റിസ് ആർ‍.എഫ്. നരിമാനും വിലയിരുത്തി.

ബെഞ്ചിലെ ഏകവനിതാ ജഡ്ജിയായി ഇന്ദു മൽഹോത്രയും സെക്‌ഷൻ 497 ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടെടുത്തു. വിവാഹേതരബന്ധം ധാർമികമായി തെറ്റാണെന്നും അവർ വ്യക്തമാക്കി. ഭാര്യയും ഭർത്താവും തങ്ങളുടെ ലൈംഗികത പരസ്പരം അടിയറവു വയ്ക്കേണ്ടെന്ന ചന്ദ്രചൂ‍ഡിന്റെ നിലപാടിന് എതിരായിരുന്നു അവരുടെ വാദം. സ്ത്രീയുടെ അഭിമാനത്തെയും വ്യക്തിത്വത്തെയും തകർക്കുകയും സ്ത്രീകളെ ഭർത്താവിന്റെ സ്വകാര്യസ്വത്തായി കണക്കാക്കുകയും ചെയ്യുന്നു. വിവാഹത്തിനുശേഷം തന്റെ ലൈംഗിക സ്വാതന്ത്ര്യം ഭർത്താവിന് അടിയറവു വയ്ക്കേണ്ട കാര്യമില്ല. മറ്റാരെങ്കിലുമായുള്ള വിവാഹബന്ധത്തിന് സ്ത്രീകൾക്കു തടസ്സമില്ലെന്നും ചന്ദ്രചൂഡ് നിരീക്ഷിച്ചു.

വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ വിധി പറയുകയാണു സുപ്രീംകോടതി. നിലവിൽ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497–ാം വകുപ്പ് വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്കെതിരെ മാത്രമാണ്.

സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിനു തെളിവാണ്. സ്ത്രീകളെയും നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു പൊതുപ്രവര്‍ത്തകൻ ജോസഫ് ഷൈനാണു കോടതിയെ സമീപിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട വിഷയം ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്തുന്നതിനെ കോടതി വാദത്തിനിടെ ചോദ്യം ചെയ്തു. രണ്ടു വ്യക്തികള്‍ തമ്മിലുളള ബന്ധം എങ്ങനെയാണു സമൂഹത്തിനെതിരെയുളള കുറ്റകൃത്യമാകുന്നതെന്നും ആരാഞ്ഞു. വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നാണു കേന്ദ്രസര്‍ക്കാര്‍ നിലപാട്.