അഹമ്മദാബാദ്∙ കേന്ദ്ര സർക്കാരിന്റെ കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി (ഐഡിഎസ്) പ്രകാരം നാലു മാസത്തിനിടെ ഗുജറാത്തിലെ ജനങ്ങൾ നിയമവിധേയമാക്കിയത് 18,000 കോടി രൂപ. രാജ്യത്തെ ആകെയുള്ള കണക്കിൽപ്പെടാത്ത സ്വത്ത് വെളിപ്പെടുത്തിയതിന്റെ 29 ശതമാനം വരും ഇത്. 2016 ജൂൺ മുതൽ സെപ്റ്റംബർ വരെയായിരുന്നു ഇതിനുള്ള കാലയളവ്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. അപേക്ഷ നൽകിയ ഭാരത്‍സിൻഹ് ജലയ്ക്കു മറുപടി നൽകുന്നതിന് ആദായനികുതി വകുപ്പ് രണ്ടു വർഷത്തോളമെടുത്തു. റിയല്‍ എസ്റ്റേറ്റ് വ്യവസായി മഹേഷ് ഷാ 13,860 കോടി രൂപയാണ് ഇത്തരത്തിൽ വെളിപ്പെടുത്തിയത്. ഇയാളുടെ ഐഡിഎസ് പിന്നീട് റദ്ദാക്കി.
രാഷ്ട്രീയ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്ര രൂപ ഇത്തരത്തിൽ നിയമവിധേയമാക്കിയിട്ടുണ്ടെന്ന കാര്യം ആദായനികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല. വിവരങ്ങൾ ലഭിക്കുന്നതിനായി രണ്ടു വർഷത്തോളം പോരാടിയതായി ഭാരത്‍സിൻഹ് ജല അവകാശപ്പെട്ടു. ആദ്യം അപേക്ഷയെ മാറ്റിനിർത്തി. പിന്നീട് ഗുജറാത്തി ഭാഷയിലാണ് അപേക്ഷയെന്ന കാരണം പറഞ്ഞ് ഒഴിവാക്കി. എന്നാൽ സെപ്റ്റംബർ അഞ്ചിന് മുഖ്യവിവരാവകാശ കമ്മിഷണറുടെ നിര്‍ദേശം എത്തിയതോടെയാണു മറുപടി ലഭ്യമായത്– അദ്ദേഹം പറഞ്ഞു.
2016ൽ കേന്ദ്രസർക്കാര്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ആ വർഷം ജൂൺ മുതൽ സെപ്റ്റംബർ വരെയാണു പരിധി നിശ്ചയിച്ചിരുന്നത്. തുകയുടെ 25 ശതമാനത്തിന്റെ ആദ്യഗഡു 2016 നവംബറിലും രണ്ടാംഗഡു 2017 മാർച്ചിലും ആയിരുന്നു അടയ്ക്കേണ്ടത്. ബാക്കിയുള്ളത് 2017 നവംബറിനു മുൻപും അടച്ചുതീര്‍ക്കാനായിരുന്നു നിര്‍ദേശം.