Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടും ചൂട് വീണ്ടുമെത്തുന്നു: കൊൽക്കത്തയും കറാച്ചിയും ഇരകൾ; ഇന്ത്യ കരിഞ്ഞുണങ്ങും

Representative Image പ്രതീകാത്മക ചിത്രം

നാഗ്പുർ∙ 2015 കൊടും ചൂടിൽ ഇന്ത്യയിൽ ജീവൻ നഷ്ടമായത് 2500 പേർക്കാണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അതിലും ഭീഷണി ഉയർത്തിക്കൊണ്ടു സമാനമായ ഉഷ്ണകാലം വീണ്ടുമെത്താനിരിക്കുകയാണെന്നു പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റല്‍ പാനലാണ് (ഐപിസിസി) ഇന്ത്യയെ ആശങ്കയിലാക്കുന്ന റിപ്പോർട്ട് തിങ്കളാഴ്ച പുറത്തുവിട്ടത്. വ്യവസായവല്‍ക്കരണത്തിനു മുൻപുണ്ടായിരുന്നതിനേക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് താപം കൂടിയാൽ ഇന്ത്യ വീണ്ടും അതികഠിനമായ ഉഷ്ണത്തിലേക്കു പോകും.

ഡിസംബറിൽ പോളണ്ടിൽ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ ഈ വിഷയവും ചർച്ച ചെയ്യും. ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയിൽ നിർണായകമാകും. ആഗോള താപനം 2030നും 2052നും ഇടയ്ക്ക് 1.5 ഡിഗ്രി സെൽഷ്യസിലെത്തിച്ചേരുമെന്നാണു റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഉപദ്വീപില്‍ താപവാദത്തിന് ഏറ്റവും കൂടുതൽ ഇരയാകുക കൊൽക്കത്തയും പാക്കിസ്ഥാനിലെ കറാച്ചിയുമായിരിക്കും. 2015ലേതിനു സമാനമായി രണ്ടു നഗരങ്ങളിലും അത്യുഷ്ണം തന്നെ നേരിടേണ്ടിവരും. കാലാവസ്ഥാ മാറ്റം മരണനിരക്കിനെയും സ്വാധീനിക്കുമെന്നും പഠന റിപ്പോർട്ട് അടിവരയിടുന്നു.

ആഗോള താപനം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ദശലക്ഷക്കണക്കിനു പേർക്കു ജീവൻ നഷ്ടമാകുമെന്നും കാലാവസ്ഥാ വിദഗ്ധനായ ആർതർ വിൻസ് വ്യക്തമാക്കി. വാഷിങ്ടൻ സർവകലാശാല, ലോകാരോഗ്യ സംഘടന, ക്ലൈമറ്റ് ട്രാക്കർ എന്നിവയിൽനിന്നുള്ള വിദഗ്ധ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നു ഭക്ഷ്യ ക്ഷാമം, ജീവിത സാഹചര്യങ്ങളുടെ ദൗർലഭ്യം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കാരണം ദാരിദ്ര്യവും പല മടങ്ങു കൂടും.

ഐപിസിസിയുടെ പഠനം പ്രകാരം ആഗോള താപനത്തോട‌ൊപ്പം തന്നെ ദാരിദ്ര്യവും വർധിക്കും. ആഗോള താപനം രണ്ടു ഡിഗ്രിയിൽനിന്ന് 1.5 ഡിഗ്രി സെൽഷ്യസായി കുറയ്ക്കുന്നതിലൂടെ കാലാവസ്ഥ പ്രശ്നങ്ങളിലും ദാരിദ്ര്യത്തിലും അകപ്പെടുന്നവരുടെ വ്യാപ്തി കുറയ്ക്കാനാകുമെന്നാണു പഠനങ്ങൾ വിരൽ ചൂണ്ടുന്നത്. പ്രധാനമായും ഏഷ്യൻ മേഖലയിൽ ധാന്യോൽ‌പാതനത്തെ ഇതു മോശമായി ബാധിക്കും. ഇന്ത്യയിൽ ആണവോർജ മേഖലയിൽനിന്നുമാത്രം കഴിഞ്ഞ സാമ്പത്തിക വർഷം പുറന്തള്ളിയത് 929 ദശലക്ഷം ടൺ കാർബൺ ഡയോക്സൈഡാണ്. കാലാവസ്ഥാ മാറ്റം 600 ദശലക്ഷം ഇന്ത്യക്കാരുടെ ജീവിതത്തെ ബാധിക്കുമെന്നു ലോകബാങ്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

related stories