ടിആർഎസിനെ വെല്ലാൻ വിശാല സഖ്യം; അമിതാവേശം വിനയാകുമോ?

കെ. ചന്ദ്രശേഖര റാവു (ഫയൽ ചിത്രം)

ഒൻപതു മാസങ്ങൾക്കു മുമ്പ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് കളമൊരുക്കി മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ മുഖ്യമന്ത്രി; ബദ്ധവൈരികളായ കോണ്‍ഗ്രസുമായി ചരിത്രത്തിലാദ്യമായി കൂട്ടുകൂടി തെലുങ്കു ദേശം പാർട്ടി. പ്രാദേശിക പാർട്ടികളുടെ വിളനിലമായ തെലങ്കാനയിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒരുപോലെ കാത്തുവയ്ക്കുന്നത് അത്ഭുതങ്ങളുടെ രാഷ്ട്രീയച്ചെപ്പ്.

കോട്ടയുയർത്തി ടിആർഎസും കെസിആറും

പ്രാദേശിക രാഷ്ട്രീയവാദത്തിന്‍റെ ഏറ്റവും വലിയ പ്രയോക്താക്കളിലൊരാളായാണ് ചന്ദ്രശേഖര റാവു വിലയിരുത്തപ്പെടുന്നത്. ഡൽഹിയിൽ നിന്നുമുള്ള തീരുമാനങ്ങൾക്ക് കാത്തിരിക്കുന്നവരെ ഒഴിവാക്കുക എന്ന മുദ്രാവാക്യം തന്നെയാകും ഇത്തവണയും അദ്ദേഹം ഉയർത്തുക. ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങളുമായി തിരഞ്ഞെടുപ്പിനെ നേരിടാൻ റാവുവിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡുവിനു ചെയ്യാൻ‌ കഴിഞ്ഞതിലേറെ തനിക്ക് നടപ്പിലാക്കാൻ സാധിച്ചെന്ന ആത്മവിശ്വാസമാണ്. കോൺഗ്രസിനെ പ്രധാന ശത്രുവായി കാണുന്ന ചന്ദ്രശേഖര റാവു ബിജെപിയുമായും സമദൂരമെന്ന തന്ത്രമാണ് പുറത്തെടുത്തിട്ടുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു നിന്നു കൂടുതൽ സീറ്റുകൾ നേടി മൂന്നാം ബദലിന്‍റെ അമരക്കാരനാകുകയെന്നതും കെസിആറിന്‍റെ സ്വപ്നമാണ്.

കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പ് തിരഞ്ഞെടുപ്പിനെ നേരിട്ടവർക്കു വിജയകഥകൾ എറെയില്ലെന്ന ചരിത്രം റാവുവിനെ അലട്ടുന്ന ഒരു വസ്തുതയാണ്. കോൺഗ്രസിനെ വലിയ ശത്രുവായി കാണുന്ന തെലങ്കുദേശം അവരുമായി കൈകൊർത്തത് തിരഞ്ഞെടുപ്പിനെ നേരിടുന്നത് ഭരണകക്ഷിയെ പ്രതിരോധത്തിലാക്കും. തെലങ്കാന ജനസമിതി എന്ന പുതിയ പാർട്ടിയുടെ പിറവിയാണ് ടിആർഎസിനെ അലട്ടുന്ന മറ്റൊരു വിഷയം. ടിഡിപിയിൽ നിന്നും കോൺഗ്രസിൽ നിന്നും വൈഎസ്ആർ കോൺഗ്രസിൽ നിന്നും ജനപ്രതിനിധികളെ സ്വന്തം ക്യാംപിലെത്തിച്ച് കരുത്തുകാട്ടിയ കെസിആറിന് അമിത ആത്മവിശ്വാസം വിനയാകുമോയെന്നത് കാത്തിരുന്നു കാണേണ്ടിവരും.

തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നേതാവ് വിജയശാന്തി വനപാർത്തിയിൽ റോഡ്ഷോ നടത്തിയപ്പോൾ.

ഒന്നിച്ചു പോരാടാൻ വിശാല സഖ്യം

സംസ്ഥാനത്തെ രണ്ടാമത്തെ പ്രബല പ്രാദേശിക കക്ഷിയായ തെലുങ്കു ദേശം ഇത്തവണ ചരിത്രം കുറിച്ചൊരു സഖ്യത്തിലാണ്. കോൺഗ്രസും സിപിഐയുമെല്ലാം അടങ്ങുന്ന വിശാല സഖ്യത്തിന്‍റെ ഭാഗമാണ് ടിഡിപി. കോൺഗ്രസിനു മുൻതൂക്കം നൽകുന്ന തരത്തിലാകും സഖ്യത്തിന്‍റെ സീറ്റു വിഭജനം എന്നാണ് അറിയുന്നത്. തെലങ്കാന ജനസമിതിയെയും സിപിഎമ്മിനെയും സഖ്യത്തിന്‍റെ ഭാഗമാക്കാനുള്ള അണിയറ നീക്കങ്ങൾ സജീവമായി നടന്നുവരുന്നു. വിശാല സഖ്യത്തിന്‍റെ തെലങ്കാന മണ്ണിലെ മൂന്നാമത്തെ പരീക്ഷണമാകും നടക്കാൻ പോകുന്നത്. 2016ൽ അച്ചാംപേട്ട് പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ജയം ടിആർഎസിനൊപ്പമായിരുന്നു. ആകെയുള്ള 20 വാർഡുകളിൽ ഒന്നുപോലും പിടിക്കാൻ വിശാലസഖ്യത്തിന് കഴിഞ്ഞില്ല. രണ്ട് മാസങ്ങൾക്കു ശേഷം പലൈര്‍ നിയമസഭ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിലും ടിആർഎസ് വിശാലസഖ്യത്തിനെതിരെ ജയം പിടിച്ചു വാങ്ങി. 2014ൽ അഞ്ചാം സ്ഥാനത്തായിരുന്ന മണ്ഡലത്തിലാണ് ഭരണകക്ഷി ശക്തമായ തിരിച്ചുവരവ് നടത്തിയത്.

ശക്തനായ ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയില്ലാത്തതാണ് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രധാന ഭീഷണി. ഒരുകാലത്ത് പ്രതാപികളായിരുന്ന കോൺഗ്രസിന് തെലങ്കാന മണ്ണിൽ ഒരു തിരിച്ചുവരവ് അസാധ്യമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ടിആർഎസ് സർക്കാർ വിരുദ്ധ വോട്ടുകൾ സ്വാഭാവികമായും എത്തിച്ചേരുക മേഖലയിലെ രണ്ടാം കക്ഷിയായ കോൺഗ്രസിനാണ്. മുസ്‍ലിം, ദലിത് വോട്ടർമാർക്കിടയിൽ ശക്തമായ സാന്നിധ്യമുണ്ടെങ്കിലും തെലങ്കാന രൂപീകരണത്തോട് മുഖം തിരിച്ചു നിന്നു എന്ന വിലയിരുത്തലാണ് തെലുങ്കുദേശത്തെ ഉലയ്ക്കുന്ന വലിയ കാര്യം. 15 എംഎൽഎമാരിൽ 12 പേരെയാണ് ടിഡിപിക്ക് കഴി​ഞ്ഞ നാലു വർഷത്തിനിടെ നഷ്ടമായത്. ഹൈദരാബാദ് പോലുള്ള പട്ടണപ്രദേശങ്ങളിൽ വേരുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും ഗ്രാമീണ മേഖലകളിൽ ഏറെ പിന്നിലായ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇത് നിലനിൽപ്പിനുള്ള പോരാട്ടമാണ്. ബിജെപിയുടെ പിന്തുണയുണ്ടായിട്ടും ആന്ധ്രപ്രദേശിൽ കാര്യമായ വികസനം കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന വിമർശനത്തെക്കാൾ ചന്ദ്രബാബു നായിഡുവിന് പോറലേൽപ്പിക്കുന്നത് ഇതേ കാലയളവിൽ കെസിആർ സർക്കാർ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചെന്ന വിലയിരുത്തലാണ്.

കോൺഗ്രസ് മുതിർന്ന നേതാവ് സി. ദാമോദർ രാജനരംസിംഹയുടെ ഭാര്യ പത്മിനി റെഡ്ഡി ബിജെപിയിൽ ചേരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ആർ. ലക്ഷ്മൺ, മുതിർന്ന നേതാവ് മുരളിധർ റാവു എന്നിവർ സമീപം.

ഒറ്റയ്ക്കു മത്സരിക്കാൻ ബിജെപി, സാന്നിധ്യമറിയിക്കാൻ വൈഎസ്ആർ കോൺഗ്രസ്

ആന്ധ്രപ്രദേശിലും തെലങ്കാനയിലും മൂന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞ ബിജെപി ഒറ്റയ്ക്കു മത്സരിക്കാനുള്ള തീരുമാനത്തിലാണ്. സംസ്ഥാനത്തെ 31 നിയമസഭ മണ്ഡലങ്ങളിൽ പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ളതായാണ് വിലയിരുത്തൽ. കേന്ദ്ര മന്ത്രി ദത്താത്രേയ കഴിഞ്ഞ നാലു തവണയിലേറെയായി വിജയിക്കുന്ന മണ്ഡലമായ സെക്കന്ദരാബാദും നിലകൊള്ളുന്നത് തെലങ്കാനയിലാണ്. ജഗൻ റെഡ്ഢി നേതൃത്വം കൊടുക്കുന്ന വൈഎസ്ആർ കോൺഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങൾ ഭൂരിഭാഗവും ആന്ധ്രയിലാണെങ്കിലും തെലങ്കാനയിൽ പാർട്ടിയെ എഴുതിത്തള്ളാനാകില്ല. പത്തുശതമാനം വോട്ടു ബാങ്കുള്ള സംസ്ഥാനത്ത് 80 ൽ അധികം സീറ്റുകളിൽ മത്സരിക്കാനാണ് പാർട്ടി നീക്കം. ആന്ധ്രയിൽ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ പാർട്ടി തീരുമാനിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് എഎപിയും അറിയിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീൻ (എഐഎംഐഎം) ആണ് സംസ്ഥാനത്ത് നിർണായകമാകാൻ സാധ്യതയുള്ള മറ്റൊരു പാർട്ടി. മുസ്‍ലിം വിഭാഗത്തിനിടയിൽ നല്ല വേരോട്ടമുള്ള പാർട്ടിയുടെ ശക്തികേന്ദ്രം പഴയ ഹൈദരാബാദ് മേഖലയാണ്.