കാബൂൾ ∙ കാണ്ടഹാറിലെ പൊലീസ് തലവൻ ജനറൽ അബ്ദുൽ റസീഖ് താലിബാൻ ആക്രണത്തിൽ കൊല്ലപ്പെട്ടു. പല തവണ താലിബാന്‍റെ വധശ്രമങ്ങളെ അതിജീവിച്ച 39 കാരനായ ജനറൽ റസീഖിനെ, ഗവർണറുടെ അംഗരക്ഷകന്‍റെ വേഷത്തിലെത്തിയ അക്രമി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. നാറ്റോ കമാൻഡറും അഫ്ഗാനിസ്ഥാനിലെ യുഎസ് സേനയിലെ പ്രധാനിയുമായ സ്കോട്ട് മില്ലറുമായി കാണ്ടഹാറിൽ ചർച്ച നടത്തുന്നതിനിടെയാണ് ജനറൽ റസീഖിനു നേരെ ആക്രമണമുണ്ടായത്. പ്രാദേശിക രഹസ്യാന്വേഷണ തലവൻ ഉൾപ്പെടെ രണ്ടുപേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പതിമൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അമേരിക്കയുടെ ഇഷ്ടക്കാരനായ ജനറൽ അബ്ദുൽ റസീഖ് പടിപടിയായാണ് പൊലീസിന്‍റെ തലപ്പത്തെത്തിയത്. വിവാദ നായകനായ ഇദ്ദേഹത്തെ 'മുഖ്യപീഡകൻ' എന്നാണ് രാജ്യാന്തര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് വിശേഷിപ്പിച്ചിരുന്നത്.
കാണ്ടഹാറിലെ വിദേശ സൈന്യത്തിന് സുരക്ഷ ഉറപ്പു നൽകിയിരുന്ന വ്യക്തിയെന്ന നിലയിൽ ജനറൽ അബ്ദുൽ റസീഖിന്‍റെ കൊലപാതകം മേഖലയിൽ താലിബാനെതിരായ പോരാട്ടങ്ങളെ സാരമായി ബാധിക്കാനിടയുണ്ട്. രഹസ്യ പീഡന സെല്ലുകള്‍ നടത്തുകയും ആയിരകണക്കിന് താലിബാൻ തടവുകാരെ വധിക്കുകയും ചെയ്തതുൾപ്പെടെ നിരവധി ആരോപണങ്ങൾ നിലവിലുണ്ടെങ്കിലും ജനറൽ അബ്ദുൽ റസീഖ് ഇവയെല്ലാം നിഷേധിച്ചിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ഈ നിലപാടു മൂലം താലിബാന്‍റെ ഹിറ്റ്ലിസ്റ്റിൽ ആദ്യപേരുകളിലൊന്നായിരുന്നു ജനറൽ റസീഖ്.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ നല്ലൊരു സുഹൃത്തായാണ് യുഎസ് ജനറൽ റസീഖിനെ കണ്ടിരുന്നത്. 1994 ൽ താലിബാൻ തന്‍റെ പിതാവിനെയും അമ്മാവനെയും കൊലപ്പെടുത്തിയതു മുതൽ ഇവർക്കെതിരായ പോരാട്ടത്തിലെ മുൻനിര പോരാളിയായിരുന്നു ജനറൽ റസീഖ്. 2001ൽ യുഎസ് സൈന്യം അഫ്ഗാനിസ്ഥാൻ കീഴടക്കിയപ്പോൾ ദക്ഷിണ മേഖലയിൽനിന്നു താലിബാനെ തുരത്താൻ റസീഖ് സഹായിച്ചു. തുടർന്നായിരുന്നു ജില്ലാ പൊലീസ് ഓഫിസറായി നിയമനം. താലിബാൻ നടത്തിയ ഇരുപതോളം വധശ്രമങ്ങൾ താൻ അതിജീവിച്ചിട്ടുണ്ടെന്ന് റസീഖ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.