ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനിലെ ജലാലാബാദിൽ ഞായറാഴ്ച താലിബാൻ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും അഫ്ഗാൻ സിഖ് ആൻഡ് ഹിന്ദു കൗൺസിൽ തലവനുമായ അവതാർ സിങ് ഖൽസയും. ചാവേർ സ്ഫോടനത്തിൽ 20 പേരാണ് കൊല്ലപ്പെട്ടത്. അവതാർ സിങ്ങിന്റെ മകൻ നരീന്ദർ സിങ് ഖൽസയ്ക്കു പരുക്കേറ്റിട്ടുണ്ട്.
ജലാലാബാദിലെ ആശുപത്രി ഉദ്ഘാടനത്തിനെത്തിയ അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഗനിയുമായി കൂടിക്കാഴ്ചയ്ക്കു പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാബൂളിൽ താമസിക്കുന്ന അവതാർ സിങ് സിഖ് ന്യൂനപക്ഷത്തെ പ്രതിനിധീകരിച്ച് സെനറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഒക്ടോബറിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയായിരുന്നു.
ആക്രമണത്തെ അപലപിച്ച അഫ്‌ഗാൻ പ്രധാനമന്ത്രി അവതാർ സിങ്ങിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ജെഎൻ ഭവനിലെത്തി അവതാറിന്റെ ബന്ധുക്കളെ അനുശോചനം അറിയിച്ചു.