തിരുവനന്തപുരം ∙ തുലാവര്‍ഷത്തിന്‍റെ വരവറിയിച്ച് കേരളത്തില്‍ ശക്തമായ മഴ. തുലാവര്‍ഷം കേരളത്തില്‍ എത്തിയതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. വരുന്ന ആറു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും. ഇടിമിന്നലോടു കൂടിയ മഴക്കാണു സാധ്യത. വടക്കൻ കേരളത്തിലാണ് തുലാമഴ ശക്തിപ്പെട്ടത്. വരുന്ന ആറു ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. അതിശക്തമായ മഴക്കും സാധ്യതയുണ്ട്.
ഒക്ടോബര്‍ പകുതിയോടെ എത്തേണ്ട തുലാവര്‍ഷം പതിനഞ്ചു ദിവസത്തോളം വൈകിയാണ് എത്തിയത്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടർച്ചയായി രൂപംകൊണ്ട ചുഴലിക്കാറ്റും ആവര്‍ത്തിച്ചുള്ള ന്യൂനമര്‍ദ്ദവുമാണ് തുലാമഴ വൈകാൻ കാരണമായത്. തമിഴ്നാട്, തെക്കന്‍കര്‍ണ്ണാടകം, പുതുച്ചേരി, റായലസീമ എന്നിവിടങ്ങളിലും ശക്തമായ മഴ കിട്ടുന്നുണ്ട്. തമിഴ്നാട്ടിലെ നാഗപട്ടണത്ത് 14 സെന്റിമീറ്റര്‍ മഴ കിട്ടി. സാധാരണ മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് തുലാമഴ നല്ലരീതിയില്‍ ലഭിക്കുക. അണക്കെട്ടുകളുടെ ജില്ലയായ ഇടുക്കിയിലും തുലാവര്‍ഷം സജീവമാകാറുണ്ട്.
പ്രളയാനന്തര സാഹചര്യത്തില്‍ മഴയുടെ തോത്, അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് എന്നിവ സൂക്ഷ്മമായി വിലയിരുത്തും. ഇടിമിന്നലാണ് തുലാമഴയുടെ പ്രത്യേകത. മിന്നലപകടങ്ങള്‍ ഒഴിവാക്കാനും ജാഗ്രത പാലിക്കണം. ഡിസംബര്‍ പകുതിവരെയെങ്കിലും തുലാവര്‍ഷം ലഭിക്കുമെന്നാണ് പ്രതീക്ഷ. സാമാന്യം നല്ല മഴ കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.