തിരുവനന്തപുരം ∙ നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി കാറിനുമുന്നില്‍ തള്ളിയിട്ട കൊടങ്ങാവിള സ്വദേശി സനല്‍ മരിച്ചത് തലയ്ക്കേറ്റ ക്ഷതം മൂലമെന്നു നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം പൊലീസിനു നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരം. സനലിന്റെ തുടയ്ക്കും വാരിയെല്ലിനും കവിളെല്ലിനും പൊട്ടലുണ്ടായിരുന്നു. ശരീരമാസകലം ക്ഷതമേറ്റിരുന്നെന്നും ആന്തരിക രക്തസ്രാവമുണ്ടായിരുന്നെന്നും കണ്ടെത്തി.
പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെയും കൊണ്ട് ആംബുലന്‍സ് പൊലീസ് സ്റ്റേഷനിലേക്കു പോയെന്നതു സ്ഥിരീകരിച്ച് ആംബുലന്‍സ് ഡ്രൈവറും രംഗത്തെത്തിയിരുന്നു. പൊലീസുകാര്‍ നിര്‍ദേശിച്ചപ്രകാരമാണ് സ്റ്റേഷനിലേക്ക് പോയത്. റൂട്ട് മാറണമെന്നു പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെന്നും ഡ്രൈവര്‍ അനീഷ് പറഞ്ഞു.