Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അഞ്ചുനേരം നമസ്‌കരിച്ചു നമ്മള്‍ക്കു വേണ്ടി‍..’ - ഷാജിയെ താഴെയിറക്കിയ ലഘുലേഖ

km-shaji-mv-nikeshkumar-controversial-phamlet കെ.എം. ഷാജിയെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറങ്ങിയ ലഘുലേഖ (മധ്യത്തിൽ)

അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയതിനു കാരണമായത് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വിതരണം ചെയ്യപ്പെട്ട ലഘുലേഖ. ഇസ്‌ലാം മതവിശ്വാസിയല്ലാത്തവർക്കു വോട്ടു ചെയ്യരുതെന്നു ചൂണ്ടിക്കാട്ടി തനിക്കെതിരെ ലഘുലേഖകൾ വിതരണം ചെയ്തെന്നും അപകീർത്തികരമായ ആരോപണങ്ങൾ പ്രചരിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി നികേഷ് കുമാർ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നടപടി. വർഗീയ വിദ്വേഷം പരത്തുന്നതാണ് ലഘുലേഖയെന്നായിരുന്നു പരാതി.

അമുസ്‌ലിംകള്‍ ഒരിക്കലും സ്വര്‍ഗ്ഗത്തിലേക്കുള്ള പാലം കടക്കില്ലെന്നും മുസ്‌ലിംകള്‍ക്കു വേണ്ടി അഞ്ചു നേരം നിസ്‌കരിച്ചു പ്രാര്‍ഥിക്കുന്ന കെ. മുഹമ്മദ് ഷാജിക്കു വേണ്ടി പ്രാർഥിക്കാനും വോട്ട് ചെയ്യാനും ആവശ്യപ്പെട്ടുള്ളതാണു നോട്ടിസ്. കെ.എം. ഷാജി എന്നാണ് രേഖകളിലും മറ്റും ഉപയോഗിച്ചിരിക്കുന്ന പേരെങ്കിലും ‘കെ. മുഹമ്മദ് ഷാജി’ എന്നു പ്രത്യേകം ലഘുലേഖയിൽ എടുത്തെഴുതിയിട്ടുണ്ട്. മുഹ്മിനായ (സത്യവിശ്വാസിയായ) കെ.മുഹമ്മദ് ഷാജി എന്ന കെ.എം. ഷാജി വിജയിക്കാന്‍ എല്ലാ മുഹ്മിനുകളും പ്രാർഥിക്കുക എന്നാണ് ലഘുലേഖ.

ലഘുലേഖയുടെ പൂർണരൂപം ഇങ്ങനെ:

‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലിംകള്‍ക്കു സ്ഥാനമില്ല. അന്ത്യ നാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ചു നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന മുഹ്മിനായ കെ. മുഹമ്മദ് ഷാജി എന്ന കെ.എം. ഷാജി വിജയിക്കാന്‍ എല്ലാ മുഅ്മിനീങ്ങളും അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുക. കെ.എം. ഷാജിയെ ഏണി അടയാളത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക’

‘സത്യ വിശ്വാസികളേ! ദുര്‍മാര്‍ഗിയായ ഒരാള്‍ നിങ്ങളുടെ അടുത്ത് ഒരു വാര്‍ത്തയും കൊണ്ടു വന്നാല്‍ (അതിനെപ്പറ്റി) അന്വേഷിച്ചു സത്യാവസ്ഥ മനസ്സിലാക്കുക. അറിയാത്തവരായി ഒരു ജനതയ്ക്കു നിങ്ങള്‍ ഒരാപത്തു വരുത്തി വയ്ക്കുകയും എന്നിട്ട് അങ്ങനെ ചെയ്ത പ്രവൃത്തിയില്‍ നിങ്ങള്‍ ഖേദിക്കുന്നവരാവുകയും ചെയ്യാതിരിക്കുവാന്‍’ എന്ന ഖുറാന്‍ വചനവും പോസ്റ്ററില്‍ ചേര്‍ത്തിട്ടുണ്ട്.