Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.എം. ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതിയിൽനിന്നു സ്റ്റേ

KM Shaji

കൊച്ചി∙ കെ.എം. ഷാജിയുടെ എംഎൽഎ സ്ഥാനം അയോഗ്യമാക്കിയ ഹൈക്കോടതി വിധിക്ക് താൽക്കാലിക സ്റ്റേ. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള രണ്ടാഴ്ച കാലയളവിലേക്കാണു സ്റ്റേ അനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കകം കെ.എം. ഷാജി 50,000 രൂപ കോടതിയിൽ കെട്ടിവയ്ക്കണം. പരാതിക്കാരന്റെ കോടതി ചെലവ് എന്ന നിലയിലാണ് ഈ തുക കെട്ടിവയ്ക്കേണ്ടത്. സാങ്കേതികമായ പ്രക്രിയയുടെ ഭാഗം മാത്രമാണു സ്റ്റേ എന്നു നിയമവിദഗ്ധർ വിലയിരുത്തുന്നു. എംഎൽഎ സ്ഥാനം അയോഗ്യമാക്കിയ അതേ ബഞ്ചിൽ തന്നെ കെ.എം. ഷാജി സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ അനുവദിച്ചിട്ടുള്ളത്. മുസ്‌ലിം ലീഗിന്റെ അഴീക്കോട് എംഎൽഎയാണ് ഷാജി.

തിരഞ്ഞെടുപ്പ് വിജയത്തിനായി ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍ സ്ഥാനാര്‍ഥി എം.വി. നികേഷ്കുമാറിന്റെ ഹര്‍ജിയിലാണ് അയോഗ്യ നേരിട്ടത്. 6 വർഷത്തേക്കു മത്സരിക്കുന്നതില്‍നിന്നും വിലക്കിയിരുന്നു. സ്റ്റേ അനുവദിച്ചതിനാൽ‌ ഷാജിക്ക് എംഎൽഎ സ്ഥാനം മടക്കിക്കിട്ടും. നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം.

ഒരുവിധികൊണ്ടു തന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനാവില്ലെന്നു ഷാജി പ്രതികരിച്ചു. നികേഷ്കുമാര്‍ വളരെ മോശമായി വളച്ചൊടിച്ച കേസാണിത്. നോട്ടിസ് പുറത്തിറക്കിയതു കൃത്യമായ ഗൂഢാലോചനയിലാണെന്നും ഷാജി പറഞ്ഞു.