തിരുവനന്തപുരം∙ അയോഗ്യനായി പ്രഖ്യാപിച്ചുള്ള ഹൈക്കോടതി വിധി വന്നതോടെ കെ.എം. ഷാജിക്ക് എംഎൽഎ സ്ഥാനം നഷ്ടപ്പെട്ടു. എന്നാൽ പരാതിക്കാരനും അഴീക്കോട് മണ്ഡലത്തിലെ രണ്ടാം സ്ഥാനക്കാരനുമായ എം.വി.നികേഷ്കുമാറിനെ വിജയിയായി ഹൈക്കോടതി പ്രഖ്യാപിക്കാത്തതിനാൽ അദ്ദേഹത്തിനു പകരം എംഎൽഎ ആകാനാകില്ല.
ഹൈക്കോടതിയിൽനിന്നോ സുപ്രീംകോടതിയിൽ നിന്നോ ഇൗ വിധിക്കെതിരെ സ്റ്റേ സമ്പാദിക്കുകയാണു ഷാജിക്കു മുന്നിലുള്ള മാർഗം. സ്റ്റേ അനുവദിച്ചാൽ ഷാജിക്ക് എംഎൽഎ സ്ഥാനം മടക്കിക്കിട്ടും. നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും വോട്ടു ചെയ്യുകയുമാകാം.
സ്റ്റേ അനുവദിച്ചില്ലെങ്കിൽ അഴീക്കോട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കും. ആറു മാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണു ചട്ടം. എംഎൽഎമാരെ അയോഗ്യരാക്കിയ സംഭവങ്ങൾ ഇതിനു മുൻപും കേരളത്തിലുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, എടക്കാട് മണ്ഡലത്തിൽനിന്നു 1991ൽ വിജയിച്ച് എംഎൽഎ ആയ സിപിഎം നേതാവ് ഒ. ഭരതനെ 1992ൽ ഹൈക്കോടതി അയോഗ്യനാക്കി. പകരം കോൺഗ്രസ് നേതാവ് കെ. സുധാകരനെ വിജയിയായി പ്രഖ്യാപിച്ചു. സുധാകരൻ എംഎൽഎയായി സത്യപതിജ്ഞയെടുക്കുകയും ചെയ്തു. എന്നാൽ, 1996ൽ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദു ചെയ്തതതോടെ ഒ. ഭരതൻ എംഎൽഎയായി തിരിച്ചെത്തി.
ഇപ്പോൾ എം.വി. നികേഷ്കുമാറിനെ വിജയിയായി പ്രഖ്യാപിക്കാത്തതിനാൽ ഷാജിയുടെ മടങ്ങിവരവോ ഉപതിരഞ്ഞെടുപ്പോ ആണ് അടുത്ത സാധ്യത.