കൊച്ചി∙ ഇതുവരെയുള്ള തിരഞ്ഞെടുപ്പു കേസുകളില്‍ ഏറെ വ്യത്യസ്തമായിരുന്നു 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍നിന്ന് 529 വോട്ടിനു വിജയിച്ച പി.സി. തോമസിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും വിധികൾ. തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശയെത്തുടര്‍ന്നു രാഷ്ട്രപതി തോമസിനെ മൂന്നു വര്‍ഷത്തേക്ക് അയോഗ്യനാക്കി. വോട്ടര്‍മാരുടെ മതവികാരം ചൂഷണം ചെയ്തതിന്റെ പേരിലാണു തോമസിനെതിരെ നടപടിയുണ്ടായത്.
തന്റെ മണ്ഡലത്തിലെ കത്തോലിക്കാ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തോമസ് മതവികാരം ചൂഷണം ചെയ്തുവെന്നാണു ഹൈക്കോടതിയില്‍ ഇടതു സ്ഥാനാര്‍ഥി പി.എം. ഇസ്മായില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചത്. തോമസിന്റെ പ്രചാരണത്തിനു കത്തോലിക്കാ കോണ്‍ഗ്രസ് നേതാവ് ജോണ്‍ കച്ചിറമറ്റം ഇറക്കിയ നോട്ടിസും മണ്ഡലത്തില്‍ വിതരണം ചെയ്യപ്പെട്ട കലണ്ടറുമാണ് ഇസ്മായില്‍ ആരോപണത്തിന് അടിസ്ഥാനമാക്കിയത്. നോട്ടിസും കലണ്ടറും ഇറക്കിയത് പി.സി. തോമസിന്റെയും ഇലക്‌ഷന്‍ ഏജന്റിന്റെയും അറിവോടും സമ്മതത്തോടുമാണെന്നു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിലയിരുത്തി.
തോമസിനെ ജയിപ്പിക്കണമെന്നും എല്ലാവരും അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നും നോട്ടിസില്‍ അഭ്യര്‍ഥിച്ചിരുന്നു. നോട്ടിസില്‍ പരാമര്‍ശിച്ച സംഭവങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു കലണ്ടര്‍. കത്തോലിക്കാ കോണ്‍ഗ്രസ് മതസംഘടനയാണെന്നു പി.സി. തോമസ് മൊഴി നല്‍കിയിരുന്നു. ക്രമക്കേടു നടന്നില്ലായിരുന്നെങ്കില്‍ ഇസ്മായിലിനു വിജയിക്കാന്‍ സാധിക്കുമായിരുന്നെന്നു ഹൈക്കോടതി വിലയിരുത്തിയിരുന്നു. എന്നാൽ കേസില്‍ അനുകൂല വിധിയുണ്ടായിട്ടും ഒരു ദിവസം പോലും ലോക്‌സഭയില്‍ ഇരിക്കാനോ ലോക്‌സഭാ അംഗത്തിനുള്ള ഒരു ആനുകൂല്യങ്ങളും വാങ്ങാനോ കഴിയാതെ പോയി പിഎം ഇസ്മയിലിന്.
2004ല്‍ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍ ത്രികോണ മത്സരത്തില്‍ ഇസ്മയിലിന്റെ വിജയം ഇടതുമുന്നണി ഉറപ്പിച്ചിരുന്നു. വോട്ടെണ്ണലില്‍ വിജയം കയറിയിറങ്ങി നിന്നു. ഒടുവില്‍ 33 വോട്ടിന് ഇസ്മായില്‍ ജയിച്ചെന്നു ചാനലുകള്‍ ബ്രേക്കിങ് ന്യൂസ് കൊടുത്തു. മണ്ഡലത്തില്‍ ചെങ്കൊടി പാറിയ സന്തോഷത്തില്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. അപ്പോഴേക്കും ഔദ്യോഗിക ഫലപ്രഖ്യാപനത്തില്‍ 529 വോട്ടിനു പി.സി. തോമസിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.
പൊരുത്തപ്പെടാനാവാത്ത ആ പരാജയത്തിനെതിരെയാണ് ഇസ്മായില്‍ ഹൈക്കോടതിയെ സമീപിച്ചത്. മതപരമായ പ്രചാരണം നടത്തിയാണു പി.സി. തോമസ് വിജയിച്ചതെന്ന വാദം കോടതി അംഗീകരിച്ചു. ഇസ്മായിലിനെ വിജയിയായി പ്രഖ്യാപിച്ചു. ആ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. അന്തിമമായി ഹൈക്കോടതി വിധി സുപ്രീം കോടതിയും അംഗീകരിച്ചു. ഇസ്മായില്‍ വിജയി. പക്ഷേ, അപ്പോഴേക്കും ലോക്സഭയുടെ കാലാവധി കഴിഞ്ഞു. ജയിച്ചിട്ടും ഒരു ദിവസം പോലും എംപിയായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ തോറ്റു ജയിച്ച എംപിയായി അദ്ദേഹം ചരിത്രത്തില്‍ ഇടം നേടി.
ആരോപണം മുമ്പും
ഒന്നാം ആന്റണി മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെയും കെ.എം. മാണിയുടെയും തിരഞ്ഞെടുപ്പുകള്‍ 1977 ല്‍ ഹൈക്കോടതി അസാധുവാക്കിയിരുന്നു. വര്‍ഗീയ പ്രചാരണം നടത്തിയെന്നതായിരുന്നു ആരോപണം. എന്നാല്‍ സുപ്രീംകോടതിയില്‍നിന്നു സിഎച്ചിനും മാണിക്കും അനുകൂലവിധി ലഭിച്ചു. വര്‍ഗീയ പ്രചാരണം നടത്തിയെന്നാരോപിച്ച് മട്ടാഞ്ചേരിയില്‍നിന്ന് 1987ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിം ലീഗിലെ എം.ജെ. സക്കറിയാ സേട്ടിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതിയില്‍ വിധി അനൂകൂലമായി.