Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജസ്ഥാനിൽ കോൺഗ്രസ് പ്രവർത്തകന്റെ മൂക്ക് മണ്ണിലുരച്ചു; മാപ്പ് പറഞ്ഞ് യുവാക്കൾ

Congress party പ്രതീകാത്മക ചിത്രം

ജയ്പുർ ∙ കോൺഗ്രസ് പ്രവർത്തകന്റെ മൂക്ക് ബലമായി മണ്ണിലുരച്ച സംഭവത്തിൽ രാജസ്ഥാനിലെ ദുംഗാപുർ ഗ്രാമത്തിൽ നാലു യുവാക്കൾ മാപ്പുപറഞ്ഞു. മുൻ ജില്ലാ പ്രമുഖ് ഭഗവതി ലാൽ റോത്തിനാണു ദുരനുഭവമുണ്ടായത്.

സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റിന്റെ റാലിയിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച കാറിൽ പോവുകയായിരുന്നു ഭഗവതി ലാൽ. ജോസാവ ഗ്രാമത്തിലൂടെ പോകുമ്പോൾ റോഡിനു സമീപത്തുണ്ടായിരുന്നവർക്കു നേരെ ഇയാളുടെ വാഹനം ചെളി തെറിപ്പിച്ചെന്നാണ് ആരോപണം. കുപിതരായ യുവാക്കൾ കാറിനെ പിന്തുടർന്നു ബസ് സ്റ്റാൻഡിൽ‌ തടഞ്ഞുനിർത്തി.

മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട്, ഭഗവതി ലാലിനെ കാറിൽനിന്നിറക്കിയ സംഘം ബലമായി മൂക്ക് നിലത്തുരച്ചു. വിഷയമറിഞ്ഞു പട്ടേൽ സമുദായത്തിലെ മുതിർന്ന അംഗങ്ങൾ യുവാക്കളെ ബുധനാഴ്ച വിളിപ്പിച്ചു. നാലു യുവാക്കളും ഭഗവതി ലാലിനോടു മാപ്പ് പറയണമെന്നു നിർദേശിച്ചു. യുവാക്കൾ മാപ്പു പറഞ്ഞതോടെ പ്രശ്നം ഒത്തുതീർന്നതായി ദുംഗാപുർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ദിനേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നു പൊലീസ് അറിയിച്ചു.