കൊച്ചി∙ കുറഞ്ഞ വിലയ്ക്കു ഭൂമി വാങ്ങാനെന്ന പേരിൽ പ്രവാസിയുടെ 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സഹോദരീ ഭർത്താവും മരുമകനും അറസ്റ്റിൽ. പ്രവാസിയായ എസ്ആർഎം റോഡ് സ്വദേശി രാജു ജേക്കബിനു നെടുമ്പാശേരിയിൽ 54 സെന്റ് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച്, അഡ്വാൻസ് തുകയെന്ന നിലയിൽ 2011ൽ പണം തട്ടിയെടുത്തുവെന്ന കേസിൽ ആലുവ കമ്പനിപ്പടി മുണ്ടേമ്പള്ളി വീട്ടിൽ പീറ്റർ (68), പീറ്ററിന്റെ മകൻ കിഷോർ (35) എന്നിവരെയാണു നോർത്ത് പൊലീസ് അറസ്റ്റു ചെയ്തത്.
കരാർ എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും ആധാരം റജിസ്റ്റർ ചെയ്യാതിരുന്നതിനെ തുടർന്നു രാജു ജേക്കബ് നെടുമ്പാശേരി വില്ലേജ് ഓഫിസിലും സബ് റജിസ്ട്രാർ ഓഫിസിലും നടത്തിയ അന്വഷണത്തിൽ, കരാറിൽ പറഞ്ഞ ഭൂമി കണ്ടെത്താൻ കഴിഞ്ഞില്ല. പണം തിരികെ ചോദിച്ചുവെങ്കിലും പല കാരണങ്ങൾ പറഞ്ഞു വൈകിപ്പിച്ചു. തുടർന്നാണു രാജു ജേക്കബ് പൊലീസിൽ പരാതി നൽകിയത്. മീൻപാടം നടത്താം എന്ന പേരിൽ രാജു ജേക്കബിനോട് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് ഇവർക്കെതിരെ ആലുവ പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.
നോർത്ത് എസ്എച്ച്ഒ കെ.ജെ.പീറ്റർ, എസ്ഐമാരായ വിബിൻദാസ്, അനസ് എന്നിവർ ചേർന്ന് അറസ്റ്റു ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.