ജയ്പുർ ∙ കുതിച്ചും കിതച്ചും വീണ്ടും കുതിച്ചും രാജസ്ഥാനിൽ ഭരണമുറപ്പിച്ച് കോൺഗ്രസ്. ഇവിടെ തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനം പൂർണമാകുമ്പോൾ 99 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കേവല ഭൂരിപക്ഷത്തിന് 101 സീറ്റു വേണമെന്നിരിക്കെ ഭരണം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ രണ്ടു സീറ്റു മാത്രം അകലെയാണ് കോൺഗ്രസ്. ആറു സീറ്റു നേടിയ ബിഎസ്പി ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയോടെ കോൺഗ്രസ് ഇവിടെ സർക്കാരുണ്ടാക്കുമെന്ന് ഉറപ്പായി.
കഴിഞ്ഞ തവണ 21 സീറ്റുകളിൽ മാത്രം ജയിച്ചിടത്തുനിന്നാണ് കോൺഗ്രസിന്റെ തകർപ്പൻ മുന്നേറ്റം. അതേസമയം, 163 സീറ്റുമായി വൻ ഭൂരിപക്ഷത്തോടെ കഴിഞ്ഞ തവണ അധികാരം പിടിച്ച ബിജെപി ഇക്കുറി 73 സീറ്റിലാണ് വിജയിച്ചത്. മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ വിജയിച്ചെങ്കിലും മന്ത്രിമാരിൽ പലരും തോൽവി രുചിച്ചു.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്ന സച്ചിൻ പൈലറ്റും അശോക് ഗേലോട്ടും കോൺഗ്രസ് പാളയത്തിൽനിന്ന് വിജയിച്ചുകയറി. മധ്യപ്രദേശിൽ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ച ബിഎസ്പിക്ക് ഇവിടെ ആറു സീറ്റുണ്ട്. ഭാരതീയ ട്രൈബൽ പാർട്ടിയും സിപിഎമ്മും രണ്ടു സീറ്റിൽ വിജയിച്ചു.
ഒരു സീറ്റു നേടിയ രാഷ്ട്രീയ ലോക് ദൾ കോൺഗ്രസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടി മൂന്നു സീറ്റു നേടി നാലാമത്തെ വലിയ ഒറ്റക്കക്ഷിയായി. 13 ഇടത്ത് സ്വതന്ത്ര സ്ഥാനാർഥികൾ ജയിച്ചുകയറി.
മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെയുള്ള ഭരണവിരുദ്ധ വികാരമായിരുന്നു രാജസ്ഥാനിൽ ബിജെപിക്കെതിരെ കോൺഗ്രസിന്റെ പ്രധാന ആയുധം. പ്രചാരണത്തിലുടനീളം അവർ ഉപയോഗിച്ചതും ആ തന്ത്രം തന്നെയായിരുന്നു. 2014–ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 25 സീറ്റുകളും തൂത്തുവാരിയ ചരിത്രമാണ് ബിജെപിക്കുള്ളത്. ഇതുതന്നെയാണ് പക്ഷേ, ഇപ്പോൾ ബിജെപിയെ ആശങ്കയിൽ ആഴ്ത്തുന്നതും. കാരണം, ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭരണകക്ഷിക്കൊപ്പം നിൽക്കുന്ന പ്രവണതയാണ് രാജസ്ഥാൻ കാണിച്ചിട്ടുള്ളത്.
രാജസ്ഥാനിലെ കക്ഷിനില (ബ്രായ്ക്കറ്റിൽ 2013ലെ സീറ്റ്)
കോൺഗ്രസ് – 99 (21)
ബിജെപി – 73 (163)
ബിഎസ്പി – 6 (3)
രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടി – 3 (0)
ഭാരതീയ ട്രൈബൽ പാർട്ടി – 2 (0)
സിപിഎം – 2 (0)
രാഷ്ട്രീയ ലോക്ദൾ – 1 (0)
സ്വതന്ത്രർ – 13 (7)