ഹൈദരാബാദ് ∙ മോദിവിരുദ്ധ വിശാലസഖ്യത്തിനു ചുക്കാൻപിടിക്കുന്ന ടിഡിപി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന് തെലങ്കാനയിൽ തിരിച്ചടി. സംസ്ഥാനത്തു ടിഡിപിക്കു കാര്യമായി സ്വാധീനമുണ്ടായിരുന്ന മേഖലകളിൽ കോൺഗ്രസുമായുള്ള സഖ്യത്തോടെ കൂടുതൽ നേട്ടമുണ്ടാക്കാമെന്നും ഇതിലൂടെ ഭരണത്തിലെത്താമെന്നുമുള്ള നായിഡുവിന്റെ കണക്കുകൂട്ടലിനാണു തിരിച്ചടി നേരിട്ടത്.
ദേശീയതലത്തിൽ കോൺഗ്രസുമായി കൈകോർത്ത നായിഡുവിന്റെ ആദ്യപരീക്ഷണ ശാല കൂടിയായിരുന്നു തെലങ്കാന നിയസഭാ തിരഞ്ഞെടുപ്പ്. എന്നാൽ ആദ്യപരീക്ഷണത്തിൽത്തന്നെ നായിഡുവിനു തിരിച്ചടി നേരിട്ടിരിക്കുകയാണ്. സഖ്യത്തിനു ഭരണം പിടിക്കാൻ സാധിച്ചിരുന്നെങ്കിൽ ദേശീയ തലത്തിൽ നായിഡുവിന്റെ നീക്കങ്ങൾക്കു കൂടുതൽ സ്വീകാര്യത ലഭിച്ചേനെയെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ബിജെപി വിരുദ്ധ വിശാലസഖ്യം എന്ന ആശയം കാര്യമായി മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് എൻഡിഎ വിട്ടു പുറത്തെത്തിയ ചന്ദ്രബാബു നായിഡു മുൻകൈയെടുത്ത് സഖ്യചർച്ചകൾ ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ പാർട്ടികളെ പ്രതിപക്ഷ മുന്നണിയുടെ ഭാഗമാക്കി 2019 ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യത്തിനൊപ്പം ചേരാൻ മടിച്ചു നിൽക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ബിഎസ്പി നേതാവ് മായാവതി തുടങ്ങിയവരുമായി ചർച്ച നടത്താൻ മുന്നിട്ടിറങ്ങിയതും നായിഡുവാണ്.
എന്നാൽ ആന്ധ്രാപ്രദേശ് വിഭജിച്ച് രൂപീകരിച്ച തെലങ്കാനയിൽ കോൺഗ്രസുമായുള്ള സഖ്യം മുന്നണിക്കു വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലായിരുന്നു ചന്ദ്രബാബു നായിഡു. തെലങ്കാനയിലെ സീറ്റു വിഭജനത്തിൽ ചന്ദ്രബാബു നായിഡു പരമാവധി വിട്ടുവീഴ്ചയ്ക്കു തയാറായത് സഖ്യം യാഥാർഥ്യമാക്കണമെന്ന താൽപര്യത്തെ തുടർന്നായിരുന്നു. ഈ സഖ്യം വിജയിച്ചിരുന്നെങ്കിൽ ദേശീയതലത്തിൽ വിശാലപ്രതിപക്ഷ സഖ്യമെന്ന ലക്ഷ്യത്തിന് കൂടുതൽ ഊർജം പകർന്നേനെ. തുടർന്ന് അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശിലും ഈ സഖ്യം പരീക്ഷിക്കാനും നായിഡുവിനു നീക്കമുണ്ടായിരുന്നു. എന്നാൽ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന തിരഞ്ഞെടുപ്പു ഫലം.