നാലു നഗരങ്ങളിൽ പെട്രോൾ വില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ചെന്നൈ ∙ ഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിൽ പെട്രോൾ വില 2018ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ. ഡീസൽ വില മാർച്ചിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലുമാണ്. നാലു മെട്രോ നഗരങ്ങളിലും ഇന്ന് ഏഴ് പൈസയാണ് പെട്രോൾ ലീറ്ററിന് കുറഞ്ഞത്. ഡീസൽ വില തിങ്കളാഴ്ചയിൽ നിന്നും മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിലയാണ് കണക്കാക്കിയിരിക്കുന്നത്.



ക്രിസ്മസ് ദിനമായ ഇന്ന് ഡൽഹിയിൽ പെട്രോളിന് ലീറ്ററിന് 69.79 രൂപയാണ് ലീറ്ററിന് വില. മുംബൈയിൽ 75.41 രൂപയും. ഡീസലിന് ഡൽഹിയിൽ 63.83 രൂപയും മുംബൈയിൽ 66.79 രൂപയുമാണ് ലീറ്ററിന് വില. കൊൽക്കത്തയിൽ പെട്രോൾ ലീറ്ററിന് 71.89 രൂപയും ചെന്നൈയിൽ 72.41 രൂപയുമാണ് ലീറ്ററിന് വില. ഡീസലിന് കൊൽക്കത്തയിൽ 65.59 രൂപയും ചെന്നൈയിൽ 67.38 രൂപയും. അതേസമയം, കൊച്ചിയിൽ പെട്രോളിന് ലീറ്ററിന് ഇന്നത്തെ വില 71.53 രൂപയാണ്.

ക്രൂഡ് ഓയിലിന് രാജ്യാന്തര വിപണയിൽ വില കുറഞ്ഞതാണ് പെട്രോളിയം ഉൽപന്നങ്ങൾക്ക് ആഭ്യന്തര വിപണിയിൽ വില കുറയാൻ കാരണം.  രാജ്യാന്തര വിപണയിൽ ക്രൂഡ് ഓയിലിന് തിങ്കളാഴ്ച കഴിഞ്ഞ വർഷത്തേക്കാൾ ആറു ശതമനം കുറവാണ്.