ഒടുവില്‍ സര്‍ക്കാര്‍ വഴങ്ങി: സനലിന്റെ ഭാര്യക്കു ജോലി നല്‍കും; സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍, ഡിവൈഎസ്പിയുമായുള്ള വാക്കേറ്റത്തിനിടെ കാറിനു മുന്നില്‍ വീണ് മരിച്ച സനലിന്റെ ഭാര്യ വിജിക്ക് ജോലി നല്‍കാമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിയും ധനസഹായവും നല്‍‌കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സിഎസ്ഐ സഭ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. സെക്രട്ടേറിയറ്റിനു മുന്നില്‍ വിജി നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. 22 ദിവസത്തിനുശേഷമാണ് സമരം അവസാനിക്കുന്നത്. യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഡിവൈഎസ്പി ആത്മഹത്യ ചെയ്തിരുന്നു.

വനിതാ മതില്‍ നടക്കുന്ന നാളെ സനലിന്റെ ഭാര്യ വിജിയും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റിനു മുന്നില്‍ വഞ്ചനാ മതില്‍ തീര്‍ക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഇതിന്റെ ഭാഗമാകുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി വിഷ്ണുപുരം ചന്ദ്രശേഖരന്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നഷ്ടപരിഹാര തുകയായി സാധാരണ നല്‍കുന്ന 10,000 രൂപപോലും കുടുംബത്തിനു ലഭിച്ചിട്ടില്ലെന്നു സമരം ആരംഭിക്കുന്നതിനു മുന്‍പ് നടത്തിയ പത്രസമ്മേളനത്തില്‍ സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും വ്യക്തമാക്കിയിരുന്നു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ കുടുംബത്തിലുള്ളവര്‍ക്ക് ജോലിയും നഷ്ടപരിഹാരവും മന്ത്രിസഭ നല്‍കാറുണ്ട്. അതും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കണ്ട് പരാതി പറയാനായി കുട്ടികളോടൊപ്പം സെക്രട്ടേറിയറ്റില്‍ രാവിലെ 8 മണിക്ക് എത്തിയെങ്കിലും വൈകിട്ട് 7.30നാണ് കാണാന്‍ അനുമതി ലഭിച്ചതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. നിരാഹാര സമരത്തിനിടെ പരാതി പറയാനായി വിളിച്ചപ്പോള്‍ വൈദ്യുതി മന്ത്രി എം.എം.മണി ശകാരിച്ചതായും വിജി ആരോപിച്ചിരുന്നു.

നവംബര്‍ 5നാണ് സനല്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ഡിവൈഎസ്പിയേയും നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുകാരെയും സസ്പെന്‍ഡ് ചെയ്തിരുന്നു. വാഹനമിടിച്ച സനലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പൊലീസുകാര്‍ ആദ്യം തയാറായിരുന്നില്ല. അര മണിക്കൂറോളം റോഡില്‍ കിടന്ന സനലിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചതിനുശേഷമാണ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമ്പോഴാണ്, ഒളിവില്‍ കഴിഞ്ഞിരുന്ന ഡിവൈഎസ്പി കല്ലമ്പലത്തെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്