കോടതിയെ വെല്ലുവിളിച്ച് സ്പോർട്സ് കൗൺസിലിൽ കസേരകളി

ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ മൂന്നാഴ്ച തൽസ്ഥിതി തുടരാനുള്ള ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എട്ടു ജില്ലകളിലെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമാരെ നിലനിർത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വന്നതിനൊപ്പം ഇതിലുൾപ്പെട്ട മൂന്നു ജില്ലകളടക്കം അഞ്ചു ജില്ലകളിലെ പ്രസിഡന്റുമാരെ സർക്കാർ മാറ്റി. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, പാലക്കാട് എന്നീ ജില്ലകളിലെ കൗൺസിൽ പ്രസിഡന്റുമാരെയാണു മാറ്റി പുതിയ പ്രസിഡന്റുമാരെ നിയമിച്ചത്. മറ്റു മൂന്നു ജില്ലാ പ്രസിഡന്റുമാരെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ടവരാണു തങ്ങളെ മാറ്റുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. തൽസ്ഥിതി നിലനിർത്തിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് ഇന്നലെ ഉച്ചയ്ക്കുശേഷമാണ് വന്നത്. കേസിൽ എതിർകക്ഷികളായ സംസ്ഥാന സർക്കാരിനും സ്പോർട്സ് കൗൺസിലിനും കായിക വകുപ്പ് സെക്രട്ടറിക്കും സത്യവാങ്മൂലം സമർപ്പിക്കാൻ മൂന്നാഴ്ച സമയവും അനുവദിച്ചു. ഉച്ചയ്ക്കുശേഷം തന്നെ പുതിയ പ്രസിഡന്റുമാരെ നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവും ഇ-മെയിലായി ജില്ലാ സ്പോർട്സ് കൗൺസിലുകളിൽ ലഭിച്ചു. ഒട്ടും വൈകാതെ തന്നെ അഞ്ചു പുതിയ പ്രസിഡന്റുമാരും ‘മുകളിൽനിന്നുള്ള നിർദേശ പ്രകാരം’ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. പുതിയ  പ്രസിഡന്റുമാർ സ്ഥാനമേറ്റുകഴിഞ്ഞാണു സ്വന്തം സ്ഥാനം തെറിച്ച വിവരം നിലവിലുള്ള പ്രസിഡന്റുമാർ അറിഞ്ഞത്.

തൽസ്ഥിതി നിലനിർത്താനുള്ള ഇടക്കാല കോടതി ഉത്തരവു വന്നതിനുശേഷമാണ് പുതിയ പ്രസിഡന്റുമാർ സ്ഥാനം ഏറ്റെടുത്തതെന്നും ഇതു കോടതിയലക്ഷ്യമാണെന്നും ആരോപിച്ചു നിയമപോരാട്ടം തുടരാനാണു ഹർജിക്കാരുടെ തീരുമാനം. എന്നാൽ ഈ ഉത്തരവു തങ്ങൾക്കു ലഭിച്ചിട്ടില്ലെന്നു സ്പോർട്സ് കൗൺസിൽ അധികൃതർ വ്യക്തമാക്കി. കോടതി ഉത്തരവ് ഇറങ്ങിയപ്പോൾ സർക്കാരിന്റെയും കൗൺസിലിന്റെയും അഭിഭാഷകർ കോടതിയിലുണ്ടായിരുന്നെന്നു  മറുപക്ഷവും ആരോപിക്കുന്നു.

അഞ്ജു ബോബി ജോർജിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി മാറി, ടി.പി.ദാസന്റെയും മേഴ്സിക്കുട്ടന്റെയും നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റ് ഒരു മാസം പിന്നിടുമ്പോഴാണു കൗൺസിലിൽ ജില്ലാതലത്തിലും അഴിച്ചുപണി ഉത്തരവിറങ്ങിയത്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രസിഡന്റുമാരെ കഴിഞ്ഞ ആഴ്ച മാറ്റിയിരുന്നു.

തിരുവനന്തപുരത്ത് ഡി.മോഹനൻ, പാലക്കാട് എൻ.കണ്ടമുത്തടൻ, എറണാകുളത്ത് വി.എ.സക്കീർ ഹുസൈൻ, വയനാട് എം.മധു, പത്തനംതിട്ട കെ.അനിൽകുമാർ, ഇടുക്കി കെ.എൽ.ജോസഫ്, കോഴിക്കോട് മത്തായി ചാക്കോ, മലപ്പുറത്ത് ശ്രീകുമാർ എന്നിവരാണു പുതിയ പ്രസിഡന്റുമാർ. കഴിഞ്ഞ ഇടതുഭരണകാലത്ത് ഇവരിൽ പലരും ജില്ലാ പ്രസിഡന്റുമാരായിരുന്നു.