ന്യൂഡൽഹി ∙ റിയോ ഒളിംപിക്സിൽ ടെന്നിസിൽ ഇന്ത്യ മികച്ച ടീമിനെയല്ല അയച്ചതെന്നു ലിയാൻഡർ പെയ്സിന്റെ വിമർശനം. ‘‘കഴിഞ്ഞ രണ്ട് ഒളിംപിക്സിലും ഇന്ത്യ മികച്ച ടീമിനെ അയച്ചില്ല എന്നു വ്യക്തമായി പറയാൻ എനിക്കാകും. ഇത്തവണ മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയ്ക്കു നല്ല സാധ്യതയുണ്ടായിരുന്നു. 14 മാസത്തിനുള്ളിൽ നാലു ഗ്രാൻസ്‌ലാം ജയിക്കുക എന്നതു ചെറിയ കാര്യമാണോ ? ഇനി എന്തിലാണു വിജയിച്ചു കാണിക്കേണ്ടത് ? കഷ്ടം തന്നെ. ഇനി ഈ കുട്ടികളെയെങ്കിലും നന്നായി പരിശീലിപ്പിച്ചു മുന്നേറുക’’–സ്പെയിന് എതിരെയുള്ള ഡേവിസ് കപ്പ് മൽസരത്തിലെ പരാജയത്തിനുശേഷം ലിയാൻഡർ തുറന്നടിച്ചു.
ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ മിക്സ്ഡ് ഡബിൾസിൽ പെയ്സ് ശ്രദ്ധേയ വിജയങ്ങൾ നേടിയിട്ടും ഇന്ത്യയെ റിയോയിൽ ഇതേ ഇനത്തിൽ പ്രതിനിധീകരിച്ചതു രോഹൻ ബൊപ്പണ്ണയും സാനിയ മിർസയുമായിരുന്നു. സെമിയിൽ തോറ്റ സഖ്യം വെങ്കലത്തിനായുള്ള പ്ലേ ഓഫിലും പരാജയപ്പെട്ടു. ഡേവിസ് കപ്പിൽ പെയ്സ്–സാകേത് മൈനേനി സഖ്യം റാഫേൽ നദാൽ–മാർക്ക് ലോപ്പസ് ടീമിനോടാണ് ഇക്കുറി പരാജയപ്പെട്ടത്. ഭാവിയിലും സാകേതിനൊപ്പം കളിക്കാനുള്ള താൽപര്യം പെയ്സ് വ്യക്തമാക്കി.
റിയോയിൽ സ്വർണം നേടിയ ടീമാണു നദാലും ലോപ്പസും. പതിനാലു ഗ്രാൻസ്‌ലാം കിരീടം നേടിയ ചാംപ്യനുൾപ്പെട്ട ടീം. അവരോട് പൊരുതിക്കളിക്കാനായി എന്നതു വലിയ കാര്യമാണെന്നും പെയ്സ് ചൂണ്ടിക്കാട്ടി. ‘‘എനിക്കൽപം ദൂരേക്ക് നോക്കാനുള്ള കഴിവുണ്ട്. പതിനെട്ടു മാസത്തിനുള്ളിൽ അടുത്ത ഏഷ്യൻ ഗെയിംസ് വരും. നാലു വർഷത്തിനുള്ളിൽ ഒളിംപിക്സും. ഞാൻ ടെന്നിസിൽ സജീവമായി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു യുവനിരയെ നമ്മൾ പരിശീലിപ്പിച്ചെടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പതിവുപോലെ നാലുവർഷത്തിനുശേഷവും ആരു കളിക്കും ആരു കളിക്കില്ല എന്നു വഴക്കടിച്ചുകൊണ്ടേയിരിക്കും’’ – പെയ്സ് പറഞ്ഞു.
സാകേതിന്റെ കളിയെ അകമഴിഞ്ഞു പ്രശംസിച്ച പെയ്സ് ഭാവിയിൽ ഗ്രാൻസ്‌ലാം വിജയിയാകാനുള്ള കഴിവ് സാകേതിനുണ്ടെന്നും ചൂണ്ടിക്കാട്ടി ‘‘എനിക്കൊപ്പം അടുത്ത കാലത്തു കളിച്ച പല കളിക്കാരേക്കാളും മിടുക്കനാണു സാകേത്. ആറുമാസം ഞങ്ങൾ ഒരുമിച്ചു കളിച്ചാൽ ഒരു ഗ്രാൻസ്‌ലാം കിരീടം നേടുകപോലുമാകാം. ആദ്യമായാണു ഞാനും സാകേതും ഒന്നിക്കുന്നത്. ഹാർഡ് കോർട്ടിൽ മിടുക്കനാണിവൻ. മികച്ച സർവും റിട്ടേണുമുണ്ട്. സാകേതിൽ ഞാൻ മികച്ച പങ്കാളിയെ കാണുന്നു. മികച്ച ധാരണ ഞങ്ങൾക്കിടയിൽ പെട്ടെന്നു രൂപപ്പെട്ടു.
പെയ്സിന്റെ പ്രശംസയെ സ്വീകരിച്ച സാകേത് തനിക്ക് സിംഗിൾസിൽ മികവു കാട്ടാനാണു താൽപര്യമെന്നു വ്യക്തമാക്കി. ശരീരം അനുവദിക്കുന്നിടത്തോളം മികച്ച സിംഗിൾസ് കളിക്കാരനാവുകയാണു ലക്ഷ്യമെന്നും ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും സാകേത് പറഞ്ഞു. സിംഗിൾസിൽ റാങ്കിങ് മെച്ചപ്പെടുന്നതിനുസരിച്ചു ഡബിൾസ് കളിക്കാമെന്നാണു സാകേതിന്റെ ആഗ്രഹം.