തിരുവനന്തപുരം ∙ കഴിഞ്ഞ വർഷത്തെ റിയോ പാരാലിംപിക്സിൽ മെഡൽ നേടിയ കായികതാരങ്ങളെ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ആദരിച്ചു. താരങ്ങൾക്കു മുക്കാടൻ ഗ്രൂപ്പ് ഏർപ്പെടുത്തിയ കാഷ് അവാർഡ് മുഖ്യമന്ത്രി വിതരണം ചെയ്തു. സ്വർണമെഡൽ നേടിയ ദേവേന്ദ്ര ജജാരിയ, തങ്കവേൽ മാരിയപ്പൻ എന്നിവർക്ക് അഞ്ചു ലക്ഷം രൂപയും വെള്ളി നേടിയ ദീപ മാലിക്കിനു മൂന്നു ലക്ഷം രൂപയും വെങ്കലം നേടിയ വരുൺസിങ് ഭട്ടിക്കു രണ്ടു ലക്ഷം രൂപയുമാണു നൽകിയത്. വെള്ളിമെഡൽ ജേത്രി ദീപ മാലിക് എത്തിയില്ല.
സംസ്ഥാനത്തു സമഗ്ര കായികനയം ഉടൻ നടപ്പാക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് അംഗപരിമിതർക്കായി പാരാലിംപിക്സ് അസോസിയേഷൻ രൂപീകരിക്കുമെന്നു സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ടി.പി.ദാസൻ പറഞ്ഞു.
വി.എസ്.ശിവകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. കെടിഡിസി ചെയർമാൻ എം.വിജയകുമാർ, സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് മേഴ്‌സികുട്ടൻ, കായിക – യുവജനകാര്യ വകുപ്പ് സെക്രട്ടറി സഞ്ജയൻകുമാർ, മുൻ മന്ത്രി കെ.ഇ.ഇസ്മായിൽ, മുക്കാടൻ ഗ്രൂപ്പ് ഡയറക്ടർ മുക്കാട്ട് സെബാസ്റ്റ്യൻ, സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി.ജെ.വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.