ഉത്തേജകം: കടുത്ത നടപടികൾ വരട്ടെ: ബോൾട്ട്

ലണ്ടൻ ∙ കായികരംഗത്തെ ഉത്തേജക ഉപയോഗത്തിനെതിരെ കടുത്ത നടപടികൾ വേണമെന്നു ജമൈക്കൻ‍ സ്പ്രിന്റർ ഉസൈൻ ബോൾട്ട്. റഷ്യയ്ക്കു മേലുള്ള വിലക്ക് തുടരാൻ ലോക കായിക ആർബിട്രേഷൻ കോടതി തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണു കഴിഞ്ഞ രണ്ട് ഒളിംപിക്സിലായി ആറു സ്വർണം നേടിയ ബോൾട്ട് മനസ്സു തുറന്നത്.

‘‘ഈ തീരുമാനം നല്ലതാണ്. ഉത്തേജകം ഉപയോഗിക്കുന്നവർക്ക് ഇത്തിരി പേടിയുണ്ടാകട്ടെ. സ്പോർട്സിനെ ശുദ്ധീകരിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം പകരുന്നതാണിത്’’. ബോൾട്ട് ലണ്ടനിൽ പറഞ്ഞു. ഒരു രാജ്യമൊന്നാകെ ഒളിംപിക്സിനില്ലാതെ പോവുക എന്നതു സങ്കടകരമാണെങ്കിലും ഉചിതമായ തീരുമാനം അതാണെങ്കിൽ താൻ പിന്തുണയ്ക്കുമെന്നു റഷ്യയെ പൂർണമായി വിലക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ബോൾട്ട് പറഞ്ഞു.

പരുക്കുമൂലം ജമൈക്കൻ ട്രയൽസിൽനിന്നു വിട്ടുനിന്നതിനാൽ ഫിറ്റ്നസ് തെളിയിക്കുന്നതിനായി ലണ്ടൻ ആനിവേഴ്സറി ഗെയിംസിൽ പങ്കെടുക്കാനിരിക്കുകയാണു ബോൾട്ട്. 200 മീറ്ററിൽ ബോൾട്ട് ഇന്ന് ട്രാക്കിലിറങ്ങും. പരുക്കിൽനിന്നു താൻ പൂർണമായും മുക്തനായെന്നും ഇപ്പോൾ ശരീരവും മനസ്സും സമാധാനത്തിലാണെന്നും താരം പറഞ്ഞു. 2012ൽ ഒളിംപിക് സ്വർ‍ണം നേടിയ അതേ സ്റ്റേഡിയത്തിലാണു ബോൾട്ട് ഇറങ്ങുന്നത്.