ട്രിപ്പോളി∙ വിമത സൈന്യമായ ലിബിയൻ നാഷനൽ ആർമിയുടെ (എൽഎൻഎ) ദക്ഷിണ ലിബിയയിലെ വ്യോമതാവളത്തിൽ സർക്കാരിനോടു കൂറുപുലർത്തുന്ന നാട്ടുസേനയിലെ (ജിഎൻഎ) ഒരുവിഭാഗം നടത്തിയ ആക്രമണത്തിൽ 141 പേർ കൊല്ലപ്പെട്ടു. ഇവരിൽ ഏറെയും വിമതനേതാവ് ഖലിഫ ഹാഫ്തറിന്റെ പട്ടാളക്കാരാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള സർക്കാരിനോടു കൂറുപുലർത്തുന്നവരാണ് ആക്രമണം നടത്തിയതെങ്കിലും രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ഇതു തിരിച്ചടിയാകുമെന്നു കരുതുന്നു. അതുകൊണ്ടുതന്നെ ആക്രമണത്തെ ജിഎൻഎയും പ്രതിരോധ മന്ത്രാലയവും അപലപിച്ചു.
പ്രതിരോധമന്ത്രി അൽ–മഹ്‌ദി അൽ–ബർഗാതിയെയും ജിഎൻഎയുടെ മൂന്നാം വിഭാഗത്തിന്റെ തലവനെയും സസ്പെൻഡ് ചെയ്ത് അന്വേഷിക്കുമെന്നും ഉത്തരവാദികളെ കണ്ടെത്തുമെന്നും അറിയിച്ചു. ഇതിനായി അന്വേഷണക്കമ്മിഷനെ നിയമിച്ചിട്ടുണ്ട്.
ഖലിഫ ഹാഫ്തറിനോടു കൂറുപുലർത്തുന്ന എൽഎൻഎ ഒരുമാസം മുൻപു ജിഎൻഎയുടെ മൂന്നാം വിഭാഗം നിയന്ത്രിച്ചിരുന്ന ഒരു വ്യോമതാവളം ആക്രമിച്ചു സൈനികരെ വധിച്ചിരുന്നു. ഇതിനുള്ള പ്രതികാരമാണ് ഇന്നലത്തേതെന്നു കരുതുന്നു.