Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലകളില്ലാതെ ജപ്പാൻ രാഷ്ട്രീയം; വരുന്നത് യഥാർഥ കൊടുങ്കാറ്റ്

Shinzo Abe ഷിൻസോ ആബെ

ടോക്കിയോ ∙ ജപ്പാൻ ഇന്നു പോളിങ് ബൂത്തിലേക്ക്. പ്രധാനമന്ത്രി ഷിൻസോ ആബെ വിജയമാവർത്തിക്കുമെന്ന് അഭിപ്രായ സർവേകൾ. ഭരണവിരുദ്ധ വികാരത്തെ മറികടന്ന്, നിലവിലെ മൂന്നിൽരണ്ടു ഭൂരിപക്ഷം ആബെയുടെ ഭരണമുന്നണി നിലനിർത്തിയേക്കുമെന്നാണു പ്രവചനം. രാഷ്ട്രീയക്കൊടുങ്കാറ്റു കാത്തിരുന്ന ജപ്പാനിലേക്ക് ഇരച്ചെത്തുന്നത് യഥാർഥ കൊടുങ്കാറ്റാണ്.

വോട്ടെടുപ്പു നടക്കുന്ന ഇന്നു കൊടുങ്കാറ്റും പേമാരിയുമുണ്ടാകുമെന്നാണു പ്രവചനം. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കുന്ന ലാൻ കൊടുങ്കാറ്റാണു ജപ്പാൻ തീരത്തെത്തിയിട്ടുള്ളത്. പോളിങ് ശതമാനത്തെ ഇതു ബാധിക്കുമെന്നു കരുതുന്നു. ഉത്തര കൊറിയയുടെ തുടർച്ചയായ അണ്വായുധ പരീക്ഷണങ്ങൾ സംബന്ധിച്ച ജപ്പാൻ ജനതയുടെ ആശങ്ക ആബെയ്ക്ക് അനുകൂലമായി മാറിയെന്നാണു സർവേകൾ തെളിയിക്കുന്നത്.

കാലാവധി തീരാൻ ഒരുവർഷം കൂടിയുള്ളപ്പോൾ, മൂന്നാഴ്ച മുൻപ് ആബെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതും ഇതു മുന്നിൽക്കണ്ടു തന്നെയാണ്. പ്രതിസന്ധി ഘട്ടത്തിൽ ഭരണപരിചയമില്ലാത്ത പ്രതിപക്ഷത്തിനു പകരം നിലവിലുള്ള ഭരണം തുടരട്ടെ എന്നു ജനം കരുതുന്നു. ആബെ മന്ത്രിസഭയ്ക്കെതിരെയുണ്ടായിരുന്ന ജനവികാരം മൂന്നാഴ്ചയ്ക്കിടെ ഏറെ കുറയുകയും ചെയ്തു. പ്രതിപക്ഷം ദുർബലമായിരുന്നു. വലിയ വെല്ലുവിളി ഉയർത്തുമെന്നു കരുതിയ ടോക്കിയോ മേയർ യൂറികോ കൊയ്കെയുടെ ‘ഹോപ് പാർട്ടി’ പച്ചപിടിച്ചില്ല. തുടക്കത്തിൽ, പ്രതീക്ഷയും ആവേശവുമുണർത്തിയെങ്കിലും അതു തുടരാൻ കഴിഞ്ഞില്ല. കൊയ്കെ ആകട്ടെ, മൽസരത്തിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തു.