റിയാദ് ∙ സൗദി അറേബ്യയിൽ അഴിമതിക്കേസുകളിലെ കൂട്ടനടപടിയിൽ അറസ്റ്റിലായ കോടീശ്വരൻ അൽവലീദ് ബിൻ തലാലിനെ മോചിപ്പിച്ചു. ഒത്തുതീർപ്പു വ്യവസ്ഥകളുണ്ടോ എന്നു വ്യക്തമല്ല. തെറ്റിദ്ധാരണകളുടെ പേരിലായിരുന്നു നടപടിയെന്നും ചോദ്യം ചെയ്യലല്ല, സർക്കാരുമായുള്ള ചർച്ചകളാണു നടന്നതെന്നും അൽവലീദ് പറഞ്ഞു. കള്ളപ്പണത്തിനും അഴിമതിക്കും എതിരെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നടപടികൾക്കു പൂർണ പിന്തുണ നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കള്ളപ്പണ വിരുദ്ധ നടപടിയുടെ ആദ്യഘട്ടം സൗദി അവസാനിപ്പിക്കുകയാണെന്നാണു സൂചനകളെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രാജകുമാരന്മാരും മറ്റു പ്രമുഖരും ഉൾപ്പെടെ 201 പേരെ നവംബർ ആദ്യമാണ് അറസ്റ്റ് ചെയ്തു റിയാദിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലേക്കു മാറ്റിയത്. മുൻ ഭരണാധികാരി അബ്ദുല്ല രാജാവിന്റെ മക്കൾ ഉൾപ്പെടെയുള്ളവരെ, തങ്ങളുടെ സ്വത്തിന്റെ ഒരുഭാഗം ഖജനാവിനു കൈമാറിയതിനെ തുടർന്നു നേരത്തേതന്നെ വിട്ടയച്ചിരുന്നു. കഴിഞ്ഞയാഴ്ച 90 പേരെ മോചിപ്പിച്ചിരുന്നു. നിലവിൽ എത്രപേർ തടവിലുണ്ടെന്നു വ്യക്തമല്ല.
‘രാജകീയ’ തടവ്
തടവിലാണെങ്കിലും അൽ വലീദ് ഉൾപ്പെടെയുള്ളവർ കഴിഞ്ഞ മൂന്നു മാസം അത്യാഡംബരത്തോടെ തന്നെയാണു ജീവിച്ചത്. മോചനത്തിനു മണിക്കൂറുകൾക്കു മുൻപ് അഭിമുഖം നൽകിയ അൽവലീദ്, തനിക്കുണ്ടായിരുന്ന സൗകര്യങ്ങൾ കാണാൻ മാധ്യമപ്രവർത്തകർക്ക് അവസരവുമൊരുക്കി. സ്വർണശോഭയുള്ള ഓഫിസ് മുറി, ഇഷ്ടമുള്ള സസ്യാഹാരം നിറച്ച വിശാലമായ അടുക്കള, അലങ്കരിച്ച ഊണുമുറി, വ്യായാമ സ്ഥലം തുടങ്ങി രാജകീയ സൗകര്യങ്ങളെല്ലാം ഉള്ള സ്വീറ്റിലായിരുന്നു ‘തടവ്’. തന്റെ ബാർബർ ഹോട്ടലിൽ എത്തുമായിരുന്നെന്നും വീട് പോലെ സുഖകരമായാണു താമസിച്ചിരുന്നതെന്നും അൽവലീദ് പറയുന്നു.
മധ്യേഷയിലെ അതിസമ്പന്നൻ
ഫോബ്സ് പട്ടിക പ്രകാരം മധ്യപൂർവദേശത്തെ ഏറ്റവും സമ്പന്നനാണ് അൽവലീദ്. ആസ്തി 1870 കോടി ഡോളർ (1.22 ലക്ഷം കോടി ഇന്ത്യൻ രൂപ).