വഴിയടഞ്ഞു; സുമ ‘ഇറങ്ങി’

ജേക്കബ് സുമ, സിറിൽ റമഫോസ

ജൊഹാനസ്ബർഗ്∙ സ്വന്തം പാർട്ടിയായ ആഫ്രിക്കൻ നാഷനൽ കോൺഗ്രസിന്റെ (എഎൻഎസി) ശക്തമായ സമ്മർദത്തിനൊടുവിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ (75) രാജിവച്ചു. കാലാവധി അവസാനിക്കാൻ ഒരുവർഷം ബാക്കിനിൽക്കേയാണ് അഴിമതി ആരോപണങ്ങളിൽ മുങ്ങിയ പ്രസിഡന്റിന്റെ രാജി. ഡപ്യൂട്ടി പ്രസിഡന്റും എഎൻസി അധ്യക്ഷനുമായ സിറിൽ റമഫോസ (65) ആണു പുതിയ പ്രസിഡന്റ്. രാത്രി വൈകി ടിവിയിലൂടെയാണു സുമ രാജി തീരുമാനം അറിയിച്ചത്.

കഴിഞ്ഞദിവസം, എഎൻസിയുടെ ദേശീയസമിതി 13 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണു 2009 മുതൽ പ്രസിഡന്റ് സ്ഥാനത്തുള്ള ജേക്കബ് സുമയെ നീക്കാൻ തീരുമാനിച്ചത്. രാജിവയ്ക്കുന്നില്ലെങ്കിൽ, പ്രതിപക്ഷ പാർട്ടികൾക്കൊപ്പം പാർലമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവരാനും തീരുമാനിച്ചിരുന്നു.

അഴിമതി, സാമ്പത്തിക മുരടിപ്പ്, തൊഴിലില്ലായ്മ എന്നിവ മൂലം വീർപ്പുമുട്ടുന്ന രാജ്യം അടുത്തവർഷം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കേയാണു പാർട്ടിയുടെ ‘മുഖംമിനുക്കൽ.’ പുതിയ പ്രസിഡന്റ് സിറിൽ റമഫോസ മുൻ ട്രേഡ് യൂണിയൻ നേതാവും രാജ്യത്തെ അതിസമ്പന്നരിൽ ഒരാളുമാണ്.

സുമയുടെ രാജിയെ തുടർന്നു ദക്ഷിണാഫ്രിക്കൻ ഓഹരിവിപണിയിൽ കുതിച്ചുചാട്ടമുണ്ടായി. ഇതേസമയം, ജേക്കബ് സുമ സർക്കാരിൽ വൻ സ്വാധീനമുണ്ടായിരുന്ന ഇന്ത്യൻ വംശജനായ അജയ് ഗുപ്തയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ദക്ഷിണാഫ്രിക്കൻ പൊലീസ് അറിയിച്ചു. ആയുധധാരികളായ വൻ സംഘത്തിന്റെ സംരക്ഷണയിൽ ഇയാൾ ഒളിവിലാണ്.

ദക്ഷിണാഫ്രിക്കയിൽ കൊടികുത്തിയ ഗുപ്ത സാമ്രാജ്യം

ജൊഹാനസ്ബർഗ്∙ ജേക്കബ് സുമയുടെ രാജിക്കു വഴിയൊരുക്കിയ സംഭവങ്ങളിൽ പ്രധാനമാണ് ഇന്ത്യൻവംശജരായ ഗുപ്ത കുടുംബവുമായി അദ്ദേഹത്തിനുള്ള ബന്ധം. ദക്ഷിണാഫ്രിക്കൻ സർക്കാരിൽ വൻ സ്വാധീനമുള്ള ഗുപ്ത കുടുംബം പ്രധാനമായും അതുൽ, അജയ്, രാജേഷ് എന്നീ മൂന്നു സഹോദരൻമാരുടെ പേരിലാണ് അറിയപ്പെടുന്നത്. ഉത്തർപ്രദേശിലെ സഹാറൻപുരിൽ നിന്നുള്ളവരാണ് ഗുപ്ത സഹോദരൻമാർ.

ഇവരുടെ അച്ഛൻ ശിവ്കുമാറിന് ഇവിടെ റേഷൻകടയായിരുന്നു. 1985ൽ ഇവർ ഡൽഹിയിൽ ബിസിനസ് തുടങ്ങി. 1993ൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലെത്തി. വർണവിവേചനം അവസാനിച്ച കാലമായിരുന്നു അത്. ഐടി, ധാതുഘനനം, എൻജിനീയറിങ് തുടങ്ങി ഒട്ടേറെ വ്യവസായങ്ങൾ ഗുപ്ത കുടുംബം സ്ഥാപിച്ചു. 2016ൽ അതുൽ ഗുപ്തയെ ദക്ഷിണാഫ്രിക്കയിലെ ഏഴാമത്തെ വലിയ കോടീശ്വരനായി തിരഞ്ഞെടുത്തു.

ദക്ഷിണാഫ്രിക്കയെ വിലയ്ക്കു വാങ്ങിയവർ

ദക്ഷിണാഫ്രിക്കയിൽ ചുവടുറപ്പിച്ച പല ഇന്ത്യൻ ബിസിനസ് കുടുംബങ്ങളെയും പോലെ തന്നെ നിഷ്പക്ഷ രാഷ്ട്രീയ നിലപാടു പുലർത്തിയവരായിരുന്നു ഗുപ്ത സഹോദരൻമാർ. എന്നാൽ ഇതിനിടയിൽ ജേക്കബ് സുമയുമായി ഇവർ ശക്തമായി അടുത്തു. ഇവർ തമ്മിലുള്ള ബന്ധം ‘സുപ്ത’ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടത്.

ജേക്കബ് സുമയുടെ മകൻ, മകൾ‌, ഭാര്യമാരിലൊരാൾ എന്നിവർ ഗുപ്ത സഹോദരൻമാരുടെ സ്ഥാപനങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരായി ജോലി ചെയ്തിരുന്നു. ഇതോടൊപ്പം ഗുപ്ത സഹോദരൻമാർ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയത്തിലും ഭരണത്തിലും തങ്ങളുടെ സ്വാധീനം ശക്തമാക്കി. ദക്ഷിണാഫ്രിക്കൻ ധനകാര്യമന്ത്രി നാൻല നെനെ ഉൾപ്പെടെ തങ്ങൾക്കിഷ്ടമല്ലാത്ത പലരെയും പുറത്താക്കുന്നതിൽ അവർ വിജയിച്ചു.

ദക്ഷിണാഫ്രിക്കയും റഷ്യയും തമ്മിലുള്ള രാജ്യാന്തര ആണവക്കരാർ യാഥാർഥ്യമാക്കാൻ സുമ കരുക്കൾ നീക്കിയതു ഗുപ്ത കുടുംബത്തിന്റെ താൽപര്യം സംരക്ഷിക്കാൻ മാത്രമായിരുന്നു. 2013ൽ ഗുപ്ത സഹോദരൻമാരുടെ അനന്തരവൾ വേഗയുടെ വിവാഹത്തിന് ഇന്ത്യയിൽ നിന്നെത്തിയ അതിഥികൾ വന്ന വിമാനം ഇറക്കിയതു ദക്ഷിണാഫ്രിക്കൻ വ്യോമസേനയുടെ വിമാനത്താവളത്തിലായിരുന്നു.

‘ഗുപ്താഗേറ്റ്’ എന്ന പേരിൽ ദക്ഷിണാഫ്രിക്കൻ മാധ്യമങ്ങൾ സംഭവം വിവാദമാക്കി. ഗുപ്ത കുടുംബത്തിനെതിരായി ഒട്ടേറെ അഴിമതിയാരോപണങ്ങളും ഉയർന്നു. ഒരിക്കൽ ദക്ഷിണാഫ്രിക്കയിലെ ശക്തികളായിരുന്ന ഗുപ്ത കുടുംബം ഇന്നു പ്രതിസന്ധിയിലാണ്.