ജൊഹാനസ്ബർഗ്∙ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പൊലീസ് അന്വേഷിക്കുന്ന ഇന്ത്യൻ വംശജൻ അജയ് ഗുപ്ത പത്തു ദിവസം മുൻപേ രാജ്യം വിട്ടു. ജൊഹാനസ്ബർഗ് വിമാനത്താവളത്തിൽനിന്ന് ആറാം തീയതി രാത്രി എട്ടരയ്ക്ക് എമിരേറ്റ്സ് വിമാനത്തിൽ ദുബായിലേക്കാണ് അംഗരക്ഷകരോടൊപ്പം ഇയാൾ കടന്നത്.
സുമയുമായുള്ള ബന്ധം മുതലാക്കി വൻതോതിൽ സമ്പത്തുണ്ടാക്കിയെന്ന കുറ്റം ചുമത്തപ്പെട്ട അജയ് ഗുപ്ത, അതുൽ ഗുപ്ത, രാജേഷ് ഗുപ്ത എന്നീ സഹോദരന്മാരിൽ പ്രധാനിയാണ് അജയ്. കീഴടങ്ങുമെന്ന് ഇയാളുടെ അഭിഭാഷകൻ അറിയിച്ചിരുന്നെങ്കിലും പിന്നീട് പൊലീസിനു പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
സഹോദരന്മാരുടെ ആഡംബരവസതി പൊലീസ് റെയ്ഡ് ചെയ്യുകയും അജയ് ഗുപ്തയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഗുപ്തയുടെ ബന്ധുക്കളും സ്ഥാപനങ്ങളിലെ ജീവനക്കാരും കോടതിയിൽ ഹാജരായി. ഇവർക്കു ജാമ്യം അനുവദിച്ചു.
ദക്ഷിണാഫ്രിക്കയിൽ 1993ൽ എത്തിയ ഗുപ്ത സഹോദരന്മാർക്ക് ഇവിടെ ഒട്ടേറെ ബിസിനസ് സ്ഥാപനങ്ങളാണുള്ളത്. സുമയും കുടുംബവുമായി വളരെ അടുപ്പമുള്ള ഇവർക്കു വൻ രാഷ്ട്രീയ സ്വാധീനമുണ്ട്. ഇവരുടെ സ്ഥാപനത്തിൽ സുമയുടെ ഒരു ഭാര്യ ജോലി ചെയ്തിട്ടുമുണ്ട്.