കാൻ (ഫ്രാൻസ്)∙ രാജ്യാന്തര ചലച്ചിത്രമേളയിലെ ചുവപ്പു പരവതാനിയിൽ തിളങ്ങി ഇന്ത്യൻ താരങ്ങളായ കങ്കണ റനാവത്തും ദീപിക പദുക്കോണും. കാനിൽ രണ്ടാം വട്ടമെത്തുന്ന ദീപികയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടിയതു ഡിസൈനർ സുഹൈർ മുറാദ് രൂപകൽപന ചെയ്ത വെള്ള ഗൗണാണ്. മിനിമലിസ്റ്റിക് മേക്കപ്പ് തിരഞ്ഞെടുത്ത ദീപിക പകൽ പ്രത്യക്ഷപ്പെട്ടതു മൂന്നു വ്യത്യസ്ത വേഷങ്ങളിലാണ്.
കാനിൽ ആദ്യമായെത്തിയ കങ്കണയും സുഹൈർ മുറാദ് ഒരുക്കിയ ഗൗണാണു ധരിച്ചിരുന്നത്. നേരത്തേ ഇന്ത്യൻ പവിലിയനിൽ എത്തിയ കങ്കണ, സബ്യസാചി മുഖർജി തയാറാക്കിയ സീക്വെൻസുകൾ നിറഞ്ഞ കറുത്ത സാരിയാണു ധരിച്ചിരുന്നത്. ഇന്നും നാളെയും കാനിൽ ഐശ്വര്യ റായ് ബച്ചന്റെ ദിനങ്ങളാണ്.
ഈയിടെ വിവാഹിതയായ നടി സോനം കപൂർ 14, 15 തീയതികളിലാണ് എത്തുക. നടി ഹുമ ഖുറേഷി ചുവപ്പു പരവതാനിയിലെത്തിയതു ഡിസൈനർ നിഖിൽ തമ്പി ഒരുക്കിയ പാന്റ് സ്യൂട്ട് ധരിച്ചാണ്.