പാരിസ്∙ നന്ദിതാ ദാസ് സംവിധാനം ചെയ്ത ഹിന്ദി സിനിമ ‘മാന്റോ’ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു. മൽസര വിഭാഗത്തിനു പുറത്ത്, നവപ്രതിഭകളെ പരിചയപ്പെടുത്തുന്ന അൺ സെർട്ടയ്ൻ റിഗാഡ് (Un certain Regard) വിഭാഗത്തിലാണു ചിത്രം പ്രദർശിപ്പിച്ചത്. സാഹിത്യകാരൻ സാദത്ത് ഹസൻ മാന്റോയുടെ ജീവിതം ഇന്ത്യ–പാക്ക് വിഭജനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയാണു മുഖ്യവേഷത്തിൽ. നന്ദിതയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണിത്. ചിത്രത്തിന്റെ ആദ്യ പ്രദർശനമാണു കാനിൽ നടന്നത്.
വനിതാ സംവിധായിക റോഹെന ഗെരയുടെ ‘സർ’ എന്ന ചിത്രവും ഇന്ത്യയിൽ നിന്ന് ഇന്റർനാഷനൽ ക്രിട്ടിക്സ് വീക്ക് വിഭാഗത്തിലുണ്ട്. ഫെസ്റ്റിവലിന്റെ അനുബന്ധമായി നടക്കുന്ന ഫിലിം മാർക്കറ്റിൽ മലയാള ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’ ഇന്നലെ പ്രദർശിപ്പിച്ചു.