Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടര ലക്ഷം പൗണ്ടിന്റെ വീട് രണ്ടു പൗണ്ടിന് വിറ്റു; ഉടമസ്ഥ തന്നെ വാടകക്കാരിയായി

rekha-patel രേഖ പട്ടേൽ

ലണ്ടൻ ∙ രണ്ടര ലക്ഷം പൗണ്ട് (രണ്ടു കോടിയിലേറെ രൂപ) വിലമതിക്കുന്ന വീട് വെറും രണ്ടു പൗണ്ടിനു (170 രൂപ) വിറ്റു. ഗുജറാത്തിൽ വേരുകളുള്ള രേഖ പട്ടേൽ (43) എന്ന അധ്യാപിക തന്റെ സ്വപ്നഭവനം നഷ്ടപ്പെടാതിരിക്കാനാണ് ഈ കടുംകൈ ചെയ്തത്. ഗ്ലോസോപ്പ് പ്രദേശത്തുള്ള പഴയമട്ടിലുള്ള വീട് 2010ലാണ് രേഖ വാങ്ങിയത്. അതു പുതുക്കിപ്പണിയാ‍ൻ രണ്ടുലക്ഷത്തോളം പൗണ്ട് ചെലവഴിക്കുകയും ചെയ്തു. അന്നത്തെ നിർമാണജോലികൾക്കിടെ തന്റെ വീടിനു കേടുപാടുകൾ പറ്റിയെന്നു ചൂണ്ടിക്കാട്ടി അയൽവാസി കോടതിയിലെത്തിയതോടെയാണ് പ്രശ്നം ഗുരുതരമായത്.

രേഖയുടെ വീടു വിറ്റ് നഷ്ടപരിഹാരവും കോടതിച്ചെലവുമായി 76,000 പൗണ്ട് ഈടാക്കാൻ കോടതി വിധിച്ചു. പണം നൽകാത്തതിനെത്തുടർന്ന് കഴിഞ്ഞ ജൂണിൽ രേഖയെ വീട്ടിൽനിന്ന് ഇറക്കിവിട്ടെങ്കിലും തുകയിൽ ഒരു ഭാഗം അടച്ചശേഷം ഒരു മാസത്തിനുശേഷം തിരികെക്കയറി. നഷ്ടപരിഹാര വിധിക്കെതിരെ രേഖ അപ്പീലും നൽകി. ഏറെ ഇഷ്ടമുള്ള വീട്ടിൽത്തന്നെ തുടർന്നും താമസിക്കാനാണ് വിശ്വാസമുള്ള രണ്ടു കമ്പനികൾക്ക് അവർ വീടു വിറ്റത്. പിന്നീട് 10 വർഷത്തേക്ക് പ്രതിമാസം 50 പൗണ്ട് വാടകയ്ക്ക് ഇവിടെ താമസിക്കാനുള്ള വാടകക്കരാർ എഴുതുകയും ചെയ്തു.

വീടിനു മേൽ ഉടമസ്ഥനെക്കാൾ അവകാശം സ്ഥാപിക്കാൻ വാടകക്കാരനു നിയമപരമായി കഴിയുമെന്നതിനാലാണ് ഉടമസ്ഥനെന്ന ‘പദവി’ രേഖ ഉപേക്ഷിച്ചത്. ഇനി തനിക്ക് വീടുവിട്ടിറങ്ങേണ്ടിവരില്ലെന്നും രേഖ പറയുന്നു.

related stories
Your Rating: