കട്‌ലറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാരും വേവിച്ചെടുത്ത ഉരുളക്കിഴങ്ങിനെയും ബ്രഡ് പൊടിച്ചെടുത്തതിനെയും കുറിച്ചായിരിക്കും ചിന്തിക്കുക, എന്നാൽ ഇതാ ഒരു സ്പെഷൽ കട്‌ലറ്റ് . എന്റെ ചെറുപ്പത്തിൽ ഒരു കൂട്ടുകാരിയുടെ കസിന്റെ കല്യാണത്തിന് പോയപ്പോൾ അവരുടെ വീട്ടിൽ നിന്നും കഴിച്ച ഓർമയാണ്. ചില വിശേഷാവസരങ്ങളിൽ കോഴിക്കോട് ടൗണിൽ ഉണ്ടാക്കുന്നതാണ് ഇതെന്നാണ് അവൾ പറഞ്ഞത്. അന്ന് കഴിച്ചതിന്റെ ആ രുചിയുടെ ഓർമയിൽ ഞാൻ സ്വന്തമായി ഉണ്ടാക്കി നോക്കിയതാണ്. ചിലപ്പോൾ പലർക്കും അറിയാമായിരിക്കും. ഇതൊരു സർപ്രൈസ് കട്ട്ലറ്റ് ആണ്, ആദ്യം കഴിക്കുമ്പോൾ ഒരു മധുരവും പിന്നെ എരിവും.
ബ്രഡ് കട്‌ലറ്റ് (സർപ്രൈസ് കട്‌ലറ്റ്)
ചേരുവകൾ:
സവാള -ഒന്നര എണ്ണം അരിഞ്ഞത്
ഇഞ്ചി - 1 ടീസ്പൂൺ (ചതച്ചത് )
വെളുത്തുള്ളി - 1 ടീസ്പൂൺ (ചതച്ചത് )
പച്ച മുളക് - 2 എണ്ണം (ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
മുളക് പൊടി - അര ടീസ്പൂൺ
മല്ലി പൊടി - അര ടീസ്പൂൺ
മഞ്ഞൾ പൊടി - അര ടീസ്പൂൺ
ഗരം മസാല പൊടി - അര ടീസ്പൂൺ
കറി വേപ്പില - ആവശ്യത്തിന്
മല്ലിയില - ഒരു ടീസ്പൂൺ നന്നായി അരിഞ്ഞത്
പൊതിനയില - ഒരു ടീസ്പൂൺ നന്നായി അരിഞ്ഞത്
ബ്രഡ് - 6 പീസ്
മൈദ - അര കപ്പ് (ഞാൻ 2 ടീസ്പൂൺ മൈദയും 2 ടീസ്പൂൺ ആട്ടയുമാണ് എടുത്തത്)
വെള്ളം - കുഴക്കാൻ ആവശ്യത്തിന്
ഉപ്പു - ആവശ്യത്തിന്
കോഴിയിറച്ചി - 300 ഗ്രാം (എല്ലില്ലാതെ)
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
കുരുമുളക് പൊടി - കാൽ ടീസ്പൂൺ
ഗരം മസാല - കാൽ ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
എണ്ണ - മസാല ഉണ്ടാക്കുന്നതിനും കട്ട്ലറ്റ് ഉണ്ടാക്കാനും ആവശ്യത്തിന്
നെയ്യ് - കട്‌ലറ്റ് മൊരിയിച്ചെടുക്കാൻ
മുട്ട - 2 എണ്ണം
പഞ്ചസാര - 3 - 4 ടീസ്പൂൺ
പാചകരീതി:
∙കോഴിയിറച്ചി നന്നായി കഴുകി കുറച്ചു മഞ്ഞൾപൊടി,കുരുമുളക് പൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ വെള്ളം വാർത്തു ഇറച്ചി പിച്ചി പിടിച്ചെടുത്തു മാറ്റി വെക്കുക.
∙ഇനി മസാലയുണ്ടാക്കാൻ തുടങ്ങാം, ഒരു നോൺ-സ്റ്റിക് പാത്രത്തിൽ കുറച്ചു എണ്ണയൊഴിച്ചു അതിലേക്കു ഇഞ്ചിയും, പച്ച മുളകും, സവാളയും ഇട്ടു നിറം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് മുളകുപൊടി, മല്ലിപൊടി, മഞ്ഞൾ പൊടി, ഗരം മസാല പൊടി, കുറച്ചു ഉപ്പും ചേർത്ത് പച്ച മണം മാറുന്നത് വരെ ഇളക്കുക. ഇതിലേക്ക് പൊടിച്ചെടുത്ത ഇറച്ചിയും, കറി വേപ്പില, മല്ലിയില, പുതിനയില എന്നിവ ചേർത്ത് നന്നായി ഇളക്കി വേവിക്കുക, രുചിച്ചു നോക്കി ആവശ്യത്തിന് ഉപ്പു ഉണ്ടെന്നു ഉറപ്പു വരുത്തുക. ശേഷം അടുപ്പിൽ നിന്നും മാറ്റുക.
∙ ഇനി മൈദയും ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. ഇത് കൊണ്ട് കട്ടി കുറച്ചു 3 ചപ്പാത്തി പരത്തിയെടുക്കുക. ഇനി 6 ബ്രഡ് എടുത്തു അതിൽ 3 എണ്ണത്തിന്റെ നടുവിൽ ചിക്കൻ മസാലയിട്ടു ബാക്കിയുള്ള 3 ബ്രഡ് കൊണ്ട് മൂടുക. ഇത് എടുത്തു ഓരോന്നും 3 ചപ്പാത്തിയുടെ ഉള്ളിൽ വെച്ച് വശങ്ങൾ ചിത്രത്തിൽ കാണുന്നതു പോലെ മടക്കുക. ഇനി പാത്രത്തിൽ എണ്ണ ചൂടാക്കി ഇതിലേക്ക് ഓരോന്നും ഇട്ടു എല്ലാ വശങ്ങളും വേവിച്ചെടുക്കുക, നിറം മാറി തുടങ്ങുമ്പോൾ കോരിയെടുത്തു മാറ്റാം.
ഇനി മുട്ടയും പഞ്ചസാരയും നന്നായി യോചിപ്പിച്ചു പിരിച്ചെടുത്ത കട്‌ലറ്റ് ഇതിൽ മുക്കിയെടുക്കുക. ഇനി ഒരു പാനിൽ കുറച്ചു നെയ്യൊഴിച്ചു ചൂടാകുമ്പോൾ ഈ കട്‌ലറ്റ് ഇരു പുറവും വശങ്ങളും ഒന്ന് മൊരിയിച്ചെടുക്കുക. ശേഷം ചൂടോടെ കഴിക്കുക.