വീട്ടിൽ തന്നെ തയാറാക്കാവുന്ന പനീറുകൊണ്ട് രുചികരമായ വിഭവം ഒരുക്കിയാലോ? പനീർ ബട്ടർ മസാല, പേരിൽ തന്നെ പ്രധാന ചേരുവകൾ ഏതെന്നു മനസിലായിക്കാണുമല്ലോ? രുചികരവും അൽപം സ്പൈസിയുമാണ് ഈ മസാലക്കൂട്ട്.
ചേരുവകൾ
ബട്ടർ -1/2 കപ്പ്
ജീരകം - 1/2 ടീസ്പൂൺ
പട്ട - 3 ചെറിയ കഷ്ണങ്ങൾ
കുരുമുളക് - 1/2 ടീസ്പൂൺ
വലിയ ഉള്ളി - ചെറുതായി അരിഞ്ഞത് - 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
തക്കാളി - 3 എണ്ണം
മുളക് പൊടി - 1 ടീസ്പൂൺ
അണ്ടിപരിപ്പ് - 1/2 കപ്പ് (വെള്ളത്തിൽ കുതിർത്തത് )
ഉപ്പ് - 2 ടീസ്പൂൺ
ഏലക്ക - 1 എണ്ണം
കരയാമ്പൂ - 3 എണ്ണം
മഞ്ഞൾപൊടി - 1/4 ടീ സ്പൂൺ
കശ്‍മിരി മുളക്പൊടി - 2 ടേബിൾ സ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
വെള്ളം - 1 കപ്പ്
പനീർ - 500 ഗ്രാം
ഫ്രഷ് ക്രീം - 1/4 കപ്പ്
ഉണങ്ങിയ ഉലുവ ഇല (Dried Methi Leaves) - 1 ടീസ്പൂൺ
പാചകരീതി
• ഒരു പാനിൽ 1/4 കപ്പ് ബട്ടർ ചൂടാക്കുക.
• അതിലേക്ക് ജീരകം, പട്ട, കുരുമുളക്, ഉള്ളി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 ടീസ്പൂൺ എന്നിവ ചേർക്കുക.
• ഉള്ളി നിറം മാറുന്നത് വരെ വഴറ്റുക.
• ഇതിലേക്ക് തക്കാളി, മുളക് പൊടി എന്നിവ ചേർത്ത്, തക്കാളി വേവുന്നത് വരെ വഴറ്റുക.
• അതിന് ശേഷം കുതിർത്തി വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പും ഉപ്പും ചേർത്ത് 3-4 മിനിറ്റ് വഴറ്റുക.
• ഈ മിശ്രിതം തണുത്തു കഴിഞ്ഞ ശേഷം അരച്ചെടുക്കുക.
• അതേ പാനിൽ 1/4 കപ്പ് ബട്ടർ ചൂടാക്കുക.
• ഏലം, കരാമ്പൂ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1/2 ടീ സ്പൂൺ ചേർത്തി പച്ച മണം മാറുന്ന വരെ വഴറ്റുക.
• അതിലേക്കു മഞ്ഞൾ പൊടി, കശ്‍മീരി മുളക് പൊടി ചേർത്തി ഇളക്കുക. അരച്ച് വെച്ച മിശ്രിതം ഇതിലേക്ക് ചേർത്തി തിളപ്പിക്കുക.
• തിളച്ചു വരുമ്പോൾ ഗരം മസാല, പാകത്തിന് ഉപ്പ്, വെള്ളം എന്നിവ ചേർത്തി കുറച്ച് നേരം തിളപ്പിക്കുക അതിലേക്കു പനീർ കഷ്ണങ്ങളും, ഫ്രഷ് ക്രീമും, ഉണങ്ങിയ ഉലുവ ഇലയും ചേർത്തി നന്നായി യോജിപ്പിക്കുക
ഒരു ലിറ്റർ പാലും 1/2 ടീ സ്‌പൂൺ നാരങ്ങാ നീരുമുണ്ടെങ്കിൽ പനീർ ഉണ്ടാക്കാം
ഒരു പാത്രത്തിൽ പാൽ തിളപ്പിക്കുക. തിളക്കുമ്പോൾ നാരങ്ങാ നീരു ചേർത്തുകൊണ്ട് നന്നായി ഇളക്കുക. പാൽ നന്നായി കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത് അഞ്ച് മിനിറ്റ് ഇറക്കി വയ്‌ക്കുക. പിരിഞ്ഞ പാൽ ഒരു കോട്ടൺ തുണിയിൽ പകർത്തി നന്നായി കെട്ടി വയ്‌ക്കുക. വെള്ളം മുഴുവൻ വാർന്നു പോയിക്കഴിഞ്ഞാൽ പനീർ ചതുരാകൃതിയിൽ ഷെയ്‌പ് ചെയ്തു മുകളിൽ ഭാരം കയറ്റി രണ്ടു മൂന്നു മണിക്കൂർ വയ്‌ക്കുക.ആവശ്യാനുസരണം മുറിച്ചുപയോഗിക്കാം.