ഷാർജ ∙ അരങ്ങേറ്റ മൽസരം കളിച്ച പതിനാറുകാരൻ മുജീബ് സദ്രാൻ മിന്നും പ്രകടനത്തിലൂടെ അഫ്ഗാനിസ്ഥാനു വിജയമൊരുക്കി. 21–ാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ പുരുഷ രാജ്യാന്തര ക്രിക്കറ്റർ എന്ന നേട്ടത്തോടെ അയർലൻഡിനെതിരായ ആദ്യ ഏകദിന മൽസരത്തിനിറങ്ങിയ താരം നേടിയത് നാലു വിക്കറ്റുകൾ. മൽസരത്തിൽ 188 റൺസിന് അഫ്ഗാനിസ്ഥാൻ ജയിച്ചുകയറി.
24 റൺസിന് നാലുവിക്കറ്റുവീഴ്ത്തിയ മുജീബ് അരങ്ങേറ്റ മൽസരത്തിൽ ഒരു അഫ്ഗാൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോർഡും സ്വന്തമാക്കി. 2001 മാർച്ച് 28നായിരുന്നു ജനനം. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 മൽസരത്തിൽ അയർലൻഡ് വനിതാ ടീമിൽ അരങ്ങേറിയ ഗാബി ലെവിസാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനിച്ച ആദ്യ രാജ്യാന്തര ക്രിക്കറ്റ് താരം. കഴിഞ്ഞമാസം ക്വാലലംപുരിൽ നടന്ന അണ്ടർ 19 ഏഷ്യാക്കപ്പിലെ മിന്നും പ്രകടനമാണ് മുജീബിനെ അഫ്ഗാനിസ്ഥാൻ ദേശീയ ടീമിലേക്കെത്തിച്ചത്. ചാംപ്യൻഷിപ്പിലെ അഞ്ചുമൽസരങ്ങളിൽ 20 വിക്കറ്റുനേടിയ താരത്തിന്റെ പ്രകടനം അഫ്ഗാനിസ്ഥാന്റെ കിരീടവിജയത്തിൽ നിർണായകമായിരുന്നു.