Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാം ദിനം ഓസീസ് നാലിന് 132; പെർത്ത് പറയുന്നു, ആർക്കും ജയിക്കാം!

virat-kohli-perth-test ഹാൻഡ്കോംബ് തന്നെ പുറത്താക്കാനെടുത്ത ക്യാച്ച് സ്റ്റേഡിയത്തിലെ ബിഗ്സ്ക്രീനിൽ കാണുന്ന വിരാട് കോഹ്‌ലി.

പെർത്ത്∙ ബാറ്റുകൊണ്ടും വാക്കുകൊണ്ടും പോരടിച്ച് വിരാട് കോഹ്‌ലി. പേസ് പറുദീസയാകുമെന്നു കരുതിയ പിച്ചിൽ ഓഫ് സ്പിന്നർ നേഥൻ ലയണിനെക്കൊണ്ട് 5 വിക്കറ്റെടുപ്പിച്ച് ടിം പെയ്‌ൻ. തന്ത്രങ്ങളുടെ പിച്ചിൽ വിജയം പിടിക്കാൻ ഇരു ക്യാപ്റ്റൻമാരും കോപ്പു കൂട്ടുന്ന പെർത്ത് ടെസ്റ്റ് ഉശിരൻ ക്ലൈമാക്സിലേക്ക്!

ക്ഷമയോടെ ബാറ്റു ചെയ്യുന്നവരോടും ചിട്ടയായി ബോൾ ചെയ്യുന്നവരോടും സന്ധി പ്രഖ്യാപിച്ചു കഴിഞ്ഞ വിക്കറ്റിൽ മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇന്ത്യ ബാക്ക് ഫുട്ടിലാണ്. 283 റൺസെടുക്കുന്നതിനിടെ ഇന്ത്യയെ എറിഞ്ഞൊതുക്കി ഒന്നാം ഇന്നിങ്സിൽ നിർണായകമായ 41 റൺസ് ലീഡ് നേടിയ ഓസീസ് രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റിനു 132 റൺസ് എന്ന നിലയിൽ. രണ്ടാം ഇന്നിങ്സിൽ 250 റൺസിനപ്പുറമുള്ള വിജയലക്ഷ്യം പിന്തുടരുക ദുഷ്കരമാകും എന്നു വിലയിരുത്തപ്പെടുന്ന വിക്കറ്റിൽ മൽസരം ജയിക്കാൻ ഇന്ത്യയ്ക്ക് അവിസ്മരണീയ പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.

നായകൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി നേട്ടം (123) മാത്രമാണ് ഇന്നലെ ഇന്ത്യയ്ക്കു സന്തോഷത്തിനു വക നൽകിയത്. കോഹ്‌ലിയുടെ പുറത്താകലിലേക്കു വഴി തെളിച്ച ക്യാച്ച് ഹാൻഡ്സ്കോംബ് എടുത്തതു നിലത്തുനിന്നാണോ എന്നതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിച്ചു കഴിഞ്ഞു.

∙ ആ ക്യാച്ച് ! 

മികച്ച ഫോമിൽ‌ ബാറ്റുചെയ്തിരുന്ന കോഹ്‌ലിയുടെ ബാറ്റിലുരസിയ കമ്മിൻസിന്റെ പന്ത് സ്ലിപ്പിൽ ഹാൻഡ്സ്കോംബ് പിടികൂടിയത് സംശയാസ്പദമായ സാഹചര്യത്തിലാണ്. കോഹ്‌ലി പുറത്താണ് എന്നാണു തേഡ് അംപയർ വിധിച്ചതെങ്കിലും പന്ത്  നിലത്തുരസിയതിനുശേഷമാണു ഹാൻഡ്സ്കോംബിന്റെ കൈകളിലെത്തിയത് എന്നു തോന്നിക്കുന്നതാണു വിഡിയോ ദൃശ്യങ്ങൾ. ഇതേച്ചൊല്ലിയുള്ള വാക്പോരിനു കോഹ്‌ലിയും പെയ്നും തുടക്കമിട്ടു കഴിഞ്ഞു.

∙ ക്ഷമയോടെ ഓസീസ്

നിർണായക ലീഡുമായി രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസീസിനെ തുടക്കത്തിൽത്തന്നെ ഇഷാന്ത് വിറപ്പിച്ചെങ്കിലും ആദ്യ ഓവറുകളിൽത്തന്നെ 2 ക്യാച്ചുകൾ നഷ്ടമാക്കിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. മൂന്നാം നമ്പറിൽ ബാറ്റിങിനിറങ്ങിയ ഉസ്മാൻ ഖവാജയുടെ (41 നോട്ടൗട്ട്) ഇന്നിങ്സിലാണ് ഓസീസ് പ്രതീക്ഷകൾ. 

2 വിക്കറ്റ് വീഴ്ത്തിയ ഷമിയും ഓരോ വിക്കറ്റ് വീതം നേടിയ ബുമ്രയും  ഇഷാന്തും മികച്ച ലെങ്‌തിലാണു ബോൾചെയ്യുന്നതെങ്കിലും ഇന്നു 100 റൺസ് കൂടിയെങ്കിലും നേടാനായാൻ മൽസരത്തിലെ വ്യക്തമായ മേൽക്കൈ ഓസീസിനു സ്വന്തമാകും. ഷമിയുടെ പന്ത് കയ്യുറയിലിടിച്ചതിനെത്തുടർന്നു റിട്ടയേൽഡ് ഹർട്ടായ ആരോൺ ഫിഞ്ച് (25) കാര്യമായ പരുക്കില്ലാത്തതിനാൽ ഇന്നു ബാറ്റിങിനിറങ്ങിയേക്കും. 

സ്കോർബോർ‌ഡ്

ഓസീസ് ഒന്നാം ഇന്നിങ്സ് 326.

ഇന്ത്യ ഒന്നാം ഇന്നിങ്സ്: രാഹുൽ ബി ഹെയ്സൽവുഡ്– 2, വിജയ് ബി സ്റ്റാർക്ക്– 0, പൂജാര സി പെയ്ൻ ബി സ്റ്റാർക്ക്– 24

കോഹ്‌ലി സി ഹാൻഡ്സ്കോംബ് ബി കമ്മിൻസ്– 123, രഹാനെ സി പെയ്‌ൻ ബി ലയൺ 51, വിഹാരി സി പെയ്ൻ ബി ഹെയ്സൽവുഡ്– 20, പന്ത് സി സ്റ്റാർക്ക് ബി ലയൺ– 36, ഷമി സി പെയ്‌ൻ ബി ലയൺ– 0, ഇഷാന്ത് സി ആൻഡ് ബി ലയൺ– 1

ഉമേഷ് നോട്ടൗട്ട്– 4, ബുമ്ര സി ഖവാജ ബി ലയൺ– 4, എക്സ്ട്രാസ്–18

ആകെ 105.5 ഓവറിൽ 283.

വിക്കറ്റു വീഴ്ച: 6-1, 8-2, 82-3, 173-4, 223-5, 251-6, 252-7, 254-8, 279-9

ബോളിങ്: സ്റ്റാർക്ക്– 24-4-79-2, ഹെയ്സൽവുഡ്– 21-8-66-2, കമ്മിൻസ്– 26-4-60-1, ലയൺ– 34.5-7-67-5.

ഓസീസ് രണ്ടാം ഇന്നിങ്സ്: ഹാരിസ് ബി ബുമ്ര– 20, ഫിഞ്ച് റിട്ടയർഡ് ഹർട്ട്– 25, ഖവാജ ബാറ്റിങ്– 41, മാർഷ് സി പന്ത് ബി ഷമി– 5, ഹാൻഡ്സ്കോംബ് എൽബി ബി ഇഷാന്ത്– 13, ഹെഡ് സി ഇഷാന്ത് ബി ഷമി– 19, പെയ്ൻ ബാറ്റിങ്– 8, 

എക്സ്ട്രാസ്– 1, ആകെ 48 ഓവറിൽ 4 വിക്കറ്റിന് 132.

വിക്കറ്റു വീഴ്ച: 59-1, 64-2, 85-3, 120-4

ബോളിങ്: ഇഷാന്ത്– 9-0-33-1, ബുമ്ര– 13-5-25-1,ഷമി– 10-3-23-2, ഉമേഷ്– 8-0-39-0, വിഹാരി– 8-4-11-0.  (13), ട്രാവിസ് ഹെഡ് (19) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായത്. മാർഷ്, ഹെഡ് എന്നിവരെ മുഹമ്മദ് ഷമിയും ഹാൻഡ്സ്കോംബിനെ ഇഷാന്ത് ശർമയും പുറത്താക്കി.