തിരുവനന്തപുരം∙ സഞ്ജുവും ചാരുലതയും ഇനി ഒരു ക്രീസിൽ, ഇരുവരുടെയും ജീവിത്തിൽ ഇത് പുതിയ ഇന്നിങ്സ്. ആ മനോഹര മുഹൂർത്തത്തിൽ ആഹ്ലാദം പങ്കുവയ്ക്കാൻ എത്തിയത് സഞ്ജുവിന്റെ 'ഗോഡ്ഫാദറും' ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ രാഹുൽ ദ്രാവിഡ് ഉൾപ്പടെയുള്ള പ്രമുഖർ. കോവളത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലാണ് ക്രിക്കറ്റ് താരം സഞ്ജു വി. സാംസൺ ചാരുലതയെ ജീവിതസഖിയാക്കിയത്.
മാർ ഇവാനിയോസ് കോളജിൽ സഞ്ജുവിന്റെ സഹപാഠിയായിരുന്നു ചാരുലത. 5 വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. ഡൽഹി പൊലീസിലെ മുൻ ഫുട്ബോൾ താരം കൂടിയായിരുന്ന സാംസൺ വിശ്വനാഥിന്റെയും ലിജിയുടെയും രണ്ടാമത്തെ മകനാണു സഞ്‍ജു. മാതൃഭൂമി ചീഫ് ന്യൂസ് എഡിറ്റർ ബി. രമേഷ് കുമാറിന്റെയും രാജശ്രീയുടെയും മകളാണു ചാരുലത. ശ്രീകാര്യം ലയോള കോളേജിൽ എംഎ വിദ്യാർഥിനിയാണ്. വിവാഹച്ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നടന്ന വിരുന്നിനാണ് രാഹുൽ ദ്രാവിഡ് എത്തിയത്. 17–ാം വയസിൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ ഭാഗമായ നാൾ മുതൽ സഞ്ജുവിന്റെ വഴികാട്ടിയാണ് ദ്രാവിഡ്.
മുഖ്യമന്ത്രി പിണറായി വിജയൻ കെപിസിസി മുൻ പ്രസിഡന്റ് വി.എം സുധീരൻ, ടിനു യോഹന്നാൻ, വി.എസ്.ശിവകുമാർ എം.എൽ.എ, കെടിഡിസി ചെയർമാൻ എം.വിജയകുമാർ തുടങ്ങിയവരും ആശംസയറിയിക്കാൻ എത്തിയിരുന്നു.
വിവാഹവാർത്ത പരസ്യമാക്കി സഞ്ജു കുറിച്ചതിങ്ങനെ:
2013 ഓഗസ്റ്റ് 22ന് 11.11 – ഞാൻ ആദ്യമായി അവൾക്ക് ഒരു ഹായ് അയച്ച ദിവസം. അന്നുമുതൽ ഇന്നുവരെ അഞ്ചുവർഷത്തോളം, ഒരുമിച്ചുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യാനായി കാത്തിരുന്നു. ഈ ഉറ്റകൂട്ടുകാരിയുമായി ഞാൻ പ്രണയത്തിലാണെന്നു ലോകത്തെ അറിയിക്കാനുള്ള കാത്തിരിപ്പ്. അതിനിടെ ഞങ്ങൾ ഒരുമിച്ചു സമയം ചെലവഴിച്ചു, പക്ഷേ, ഒന്നിച്ചു നടക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്നുമുതൽ അതിനാവും. സന്തോഷത്തോടെ ഈ ബന്ധം അംഗീകരിച്ചതിനു മാതാപിതാക്കളോടു നന്ദി. ചാരൂ, നിന്നെപ്പോലെ ഒരു പെൺകുട്ടി ഒപ്പമുള്ളതിൽ ഞാനേറെ ആഹ്ലാദിക്കുന്നു. എല്ലാവരുടെയും ഹൃദയത്തിൽനിന്നുള്ള അനുഗ്രഹങ്ങൾ ഞങ്ങൾക്കുണ്ടാവണം....