Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ചുവപ്പുകാർഡിലുണ്ട് യുവെയുടെ കണ്ണീർ, റയലിന്റെ ആനന്ദാശ്രു!

Christiano-Ronaldo യുവന്റസിനെതിരെ പെനൽറ്റിയിൽനിന്ന് ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം. (ട്വിറ്റർ ചിത്രം)

മഡ്രിഡ് ∙ തുടർച്ചയായ എട്ടാം വർഷവും യുവേഫ ചാംപ്യൻസ് ലീഗിന്റെ സെമിയിൽ കടന്ന നിലവിലെ ചാംപ്യൻമാർ കൂടിയായ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനെക്കുറിച്ചു പറയും മുൻപ്, ചരിത്രക്കുതിപ്പിൽ അവർ ഇന്നലെ പിന്തള്ളിയ യുവന്റസിന് മനം നിറഞ്ഞൊരു കയ്യടി. അത് അവരുടെ പോരാട്ടവീര്യത്തിനാണ്. ചാംപ്യൻസ് ലീഗ് പോലൊരു വമ്പൻ വേദിയിൽ ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റിട്ടും റയലിനെപ്പോലൊരു ക്ലബിന്റെ കളിമുറ്റത്തു ചെന്നു വെല്ലുവിളിക്കാൻ അവർ കാട്ടിയ ചങ്കൂറ്റമുണ്ടല്ലോ, അതിലുണ്ട് സമകാലീന ഫുട്ബോളിലെ ഭാവമാറ്റം. എക്കാലത്തും ഫുട്ബോളിനു മാത്രം സ്വന്തമായ സൗന്ദര്യം!

റയലിന്റ തട്ടകത്തിൽ നടന്ന രണ്ടാം പാദത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു ജയിച്ചശേഷമാണ് യുവന്റസ് പുറത്തായത്. ഇരുപാദങ്ങളിലുമായി 4–3നായിരുന്നു റയലിന്റെ ജയം. അവസാന നിമിഷം വരെ 3–0നു മുന്നിൽ നിന്ന യുവെയ്ക്കെതിരെ 97–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റയലിന്റെ നിർണായക ഗോൾ നേടി. മരിയോ മാൻസൂക്കിച്ച് (രണ്ട്, 37), ബ്ലെയ്സ് മറ്റുയ്ഡി (60) എന്നിവരുടെ ഗോളുകളിൽ മുന്നിലെത്തിയശേഷമായിരുന്നു റോണോയുടെ നിർണായക ഗോൾ.‌ ഇതിനിടെ റഫറിയുമായി തർക്കിച്ച യുവെ ഗോൾകീപ്പർ ജിയാൻല്യൂജി ബുഫണിനെ അദ്ദേഹം ചുവപ്പുകാർഡു കാട്ടി പുറത്താക്കുകയും ചെയ്തു.

ഫുട്ബോൾ ചരിത്രത്തിലെ ഐതിഹാസിക തിരിച്ചുവരവുകളിലൊന്നുമായി അയൽക്കാരായ എ.എസ്. റോമ മറ്റൊരു സ്പാനിഷ് വമ്പൻമാരായ ബാർസിലോനയെ പിന്തള്ളി മണിക്കൂറുകൾക്കുള്ളിലാണ് നിലവിലെ ചാംപ്യൻമാരായ റയലിനെയും കുരുക്കിലാക്കാൻ യുവന്റസിന് അവസരം ലഭിച്ചത്. സാന്തിയാഗോ ബെർണബ്യൂവിൽ റയലിന്റെ ‘ഈസി വാക്കോവറി’നു സാക്ഷികളാകാനെത്തിയ ആരാധകക്കൂട്ടത്തെ മൽസരത്തിന്റെ 90 മിനിറ്റും അക്ഷരാർഥത്തിൽ അവർ മുൾമുനയിലിരുത്തി. എന്നാൽ, 90 മിനിറ്റു പിന്നിട്ടതിനു പിന്നാലെ റഫറി അനുവദിച്ച മൂന്നു മിനിറ്റ് ഇൻജുറി ടൈമാണ് മൽസര ഫലത്തിൽ നിർണായകമായത്.

മറ്റൊരു മൽസരത്തിൽ സെവിയ്യയ്ക്കെതിരെ ഇരുപാദങ്ങളിലുമായി 2–1നു ജയിച്ച ബയണും സെമിയിലേക്കു മുന്നേറി. ബയൺ–സെവിയ്യ രണ്ടാം പാദം ഗോളില്ലാ സമനിലയിൽ പിരിഞ്ഞു.

ബെർണബ്യൂവിനെ വിറപ്പിച്ച മൂന്നു ഗോളുകൾ

റയലിന്റെ തട്ടകമായ സാന്തിയാഗോ ബെർണബ്യുവിൽ എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ! അതും, റയൽ അവരുടെ മുഴുവൻ കരുത്തോടെയും പോരാടുന്നൊരു വേദിയിൽ. സാക്ഷാൽ ബാർസിലോനയ്ക്കു പോലും പലപ്പോഴും അസാധ്യമായ ഈ ലക്ഷ്യമാണ് മഡ്രിഡിൽച്ചെന്ന് യുവന്റസ് സാധ്യമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബൈസിക്കിൾ കിക്ക് ഗോൾ അടയാള ചിഹ്നമായി മാറിയ ടൂറിനിലെ ആദ്യപാദത്തിൽ, എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോറ്റപ്പോൾതന്നെ യുവന്റസിനെ എഴുതിത്തള്ളിയവരാണ് ആരാധകരിലേറെയും. ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോളും മാർസലോയുടെ മിന്നും ഗോളും നിറം ചാർത്തിയ ഈ മൽസരത്തോടെ തന്നെ റയലും മാനസികമായി ചാംപ്യൻസ് ലീഗ് സെമിക്കൊരുങ്ങിക്കഴിഞ്ഞിരുന്നു.

എന്നാൽ, അനിശ്ചിതത്വങ്ങളുടെ കളിയായ ഫുട്ബോൾ, കളിയാരാധകർക്കായി കരുതിവച്ചത് കൂടുതൽ മിഴിവാർന്ന ചില കാൽപ്പന്തു കാഴ്ചകളായിരുന്നു. സാന്തിയാഗോ ബെർണബ്യൂവിനെ വെള്ള പുതപ്പിച്ചെത്തിയ ആരാധകരെ ഞെട്ടിച്ച് അവർ എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ തിരിച്ചടിച്ചു. ഫലം, മൽസരം 90 മിനിറ്റു പിന്നിടുമ്പോൾ ഇരുപാദങ്ങളിലുമായി റയലും യുവന്റസും 3–3ന് സമനിലയിൽ!

യുവെയുടെ മാരിയോ മാൻസൂക്കിച്ച് മൽസരത്തിന്റെ രണ്ടാം മിനിറ്റിൽ നേടിയ ഹെഡർ ഗോളിലുണ്ടായിരുന്നു, വരുന്ന 88 മിനിറ്റുകളുടെയും ജാതകം! മൽസരം തുടങ്ങി അധികം വൈകും മുൻപേ യുവന്റസ് നടത്തിയ ആ നീക്കത്തിൽ അപകടം പ്രതീക്ഷിച്ചവർ ചുരുക്കം. എന്നാൽ, പന്ത് റയൽ ബോക്സിലേക്കെത്തും തോറും അതിനു ഗോൾമണമേറി വന്നു. ഒടുവിൽ വലതുവിങ്ഹിൽ മുൻ റയൽ താരം കൂടിയായ സാമി ഖെദീരയുടെ കാലിൽനിന്ന് മഴവില്ലഴകോടെ ചാഞ്ഞെത്തിയ ക്രോസിന് മാൻസൂക്കിച്ച് തല വയ്ക്കുമ്പോൾ മുന്നിലുണ്ടായിരുന്നത് കെയ്‌ലർ നവാസ് മാത്രം. മാൻസൂക്കിച്ചിന്റെ ഊക്കൻ ഹെഡർ നവാസിനെ കീഴടക്കി വലയിൽ കയറുമ്പോൾ സ്റ്റേഡിയം മൽസരത്തിലേക്ക് ഉണരുന്നതേയുണ്ടായിരുന്നുള്ളൂ.

രണ്ടാം മിനിറ്റിൽത്തന്നെ ഗോൾ വഴങ്ങേണ്ടി വന്നതിന്റെ ഞെട്ടൽ ആവോളമുള്ളതായിരുന്നു തുടർന്ന് റയലിന്റെ പ്രകടനം. സസ്പെൻഷൻ മൂലം പുറത്തിരുന്ന ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ അഭാവം റയൽ തിരിച്ചറിഞ്ഞ നിമിഷങ്ങൾ കൂടിയായിരുന്നു ഇത്. യുവെയാകട്ടെ, സസ്പെൻഷൻ മൂലം പുറത്തിരുന്ന അവരുടെ സൂപ്പർതാരം പൗളോ ഡൈബാലയുടെ അഭാവത്തിൽ മാൻസൂക്കിച്ചിന്റെയും ഹിഗ്വെയിന്റെയും നേതൃത്വത്തിൽ തുടർച്ചയായി റയൽ ഗോൾമുഖത്തേക്കെത്തി. മൽസരം മുറുകുന്തോറും റയലും കളം പിടിച്ചു. 10–ാം മിനിറ്റിൽ ഗാരത് ബെയ്‌ലിന്റെ ഒരു ബാക്ഹീൽ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തുപോയത്. മൂന്നു മിനിറ്റിനുള്ളിൽ റീബൗണ്ട് ചെയ്തെത്തിയ റൊണാൾഡോയുടെ ഷോട്ട് ഇസ്കോ സുന്ദരമായി യുവെ വലയിൽ നിക്ഷേപിച്ചെങ്കിലും സൈഡ് റഫറി ഓഫ് സൈഡ് വിളിച്ചതോടെ എല്ലാം വിഫലം.

റയൽ സമനില ഗോളിനായി പ്രസ് ചെയ്യുന്നതിനിടെ 37–ാം മിനിറ്റിൽ യുവെയുടെ രണ്ടാം ഗോളെത്തി. ഇക്കുറിയും ലക്ഷ്യം കണ്ടത് മാരിയോ മാൻസൂക്കിച്ച് തന്നെ. ആദ്യ ഗോളിന്റെ കാർബൺ കോപ്പി പോലെ ഗോളിന് വഴിയൊരുക്കിയത് സ്വിസ് താരം സ്റ്റെഫാൻ ലിച്ച്സ്റ്റെയ്നർ. വലതുവിങ്ങിൽ മാർസലോയെ മറികടന്നെത്തിയ ക്രോസിന് തലവയ്ക്കാനായി ഉയർന്നുചാടിയ മാൻസൂക്കിച്ചിനൊപ്പം ഇക്കുറി റയൽ പ്രതിരോധത്തിലെ ഡാനി കാർവജാലും ഉണ്ടായിരുന്നു. എന്നാൽ, ഉയരത്തിന്റെ ആനുകൂല്യം മുതലെടുത്ത് മാൻസൂക്കിച്ച് തൊടുത്ത ഹെഡർ ഒരിക്കൽക്കൂടി നവാസിനെ കീഴടക്കി. സ്കോർ 2–0. (ഇരുപാദങ്ങളിലമായി 2–3).

ഇടവേളയ്ക്കു തൊട്ടുമുൻപായി ലഭിച്ച ഫ്രീകിക്കിൽനിന്ന് റയൽ ഒരു ഗോൾ തിരിച്ചടിച്ചെന്ന് തോന്നിച്ചെങ്കിലും ക്രോസ് ബാർ വില്ലനായി. ടോണി ക്രൂസ് ഉയർത്തിവിട്ട പന്തിൽ ഉയർന്നുചാടിയ റാഫേൽ വരാനെ തലവച്ചെങ്കിലും പന്ത് ക്രോസ് ബാറിൽത്തട്ടി പുറത്തേക്കുപോയി.

ഇടവേളയ്ക്കു തൊട്ടുപിന്നാലെ കാസിമിറോയെ പിൻവലിച്ച സിദാൻ ലൂക്കാസ് വാസ്ക്വസിനെ കളത്തിലിറക്കി. പിന്നാലെ ഗാരത് ബെയ്‌ലിനു പകരം മാർക്കോ അസൻസിയോയുമെത്തി. കളത്തിൽ പക്ഷേ യുവന്റസ് മേധാവിത്തം തുടർന്നു. ഒടുവിൽ റയലിനെ ഞെട്ടിച്ച് 60–ാം മിനിറ്റിൽ അവർ മൂന്നാം ഗോളും നേടി. ഗോൾകീപ്പർ കെയ്‍ലർ നവാസിന്റെ വൻ പിഴവിൽനിന്നായിരുന്നു ഈ ഗോളിന്റെ പിറവി. റയൽ ബോക്സ് ലക്ഷ്യമിട്ട് ഡഗ്ലസ് കോസ്റ്റയുടെ ഗംഭീരം ക്രോസ്. ബോക്സിനു വെളിയിൽ വലതുവിങ്ങിൽനിന്ന് കോസ്റ്റയുടെ ക്രോസ് പറന്നിറങ്ങുമ്പോൾ നവാസ് കൃത്യസ്ഥാനത്തുണ്ടായിരുന്നു. ക്രോസിനു കണക്കാക്കി പാഞ്ഞെത്തിയ ഫ്രഞ്ച് താരം ബ്ലെയ്സ് മറ്റുയ്ഡിയെ കബളിപ്പിച്ച് നവാസ് പന്തു കൈക്കലാക്കിയെന്ന് കരുതിയെങ്കിലും പന്തു വഴുതി. കാത്തുനിന്ന മറ്റുയ്ഡിക്കു പിഴച്ചില്ല. പ്രതിരോധിക്കാനെത്തിയ വരാനെയെ കബളിപ്പിച്ച് പന്ത് വലയിലേക്ക്. സ്കോർ 3–0 (ഇരുപാദങ്ങളിലുമായി 3–3).

Buffon-Red-Card യുവന്റസ് ഗോൾകീപ്പർ ബുഫണിനെ ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കുന്ന റഫറി. (ട്വിറ്റർ ചിത്രം)

ഒരു ഗോളകലെ നിൽക്കുന്ന വിജയവും ചാംപ്യൻസ് ലീഗ് സെമി ബെർത്തും ലക്ഷ്യമിട്ട് ഇരു ടീമുകളും പൊരുതിയെങ്കിലും 90 മിനിറ്റ് പിന്നിടുമ്പോഴും നിർണായക ഗോൾ ഒഴിഞ്ഞിനിന്നു. ഒടുവിൽ, മൽസരത്തിന് റഫറി അനുവദിച്ച മൂന്നു മിനിറ്റ് ഇൻജുറി ടൈം മൽസരഫലം നിർണയിച്ചു.

ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിലായിരുന്നു എല്ലാ നാടകീയ നീക്കങ്ങളുടെയും തുടക്കം. ബോക്സിനു തൊട്ടുവെളിയിൽനിന്ന് റൊണാൾഡോയെ ലക്ഷ്യമിട്ട് മികച്ചൊരു ക്രോസ്. പന്തു ഗോളിലേക്ക് ചെത്തുന്നതിനു പകരം ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ലൂകാസ് വാസ്ക്വസിനു മറിക്കുന്ന റൊണാൾഡോ. പന്തു ലക്ഷ്യമിട്ടെത്തിയ വാസ്ക്വസിനെ പിന്നിൽനിന്നും മെഹ്ദി ബെനാട്ടിയ വീഴ്ത്തി. റയൽ താരങ്ങൾ പെനൽറ്റിക്കായി വാദിച്ചുതുടങ്ങും മുൻപേ റഫറിയുടെ വിരൽ പെനൽറ്റി സ്പോട്ടിലേക്ക്.

കടുത്ത പ്രതിഷേധവുമായി യുവെ താരങ്ങൾ റഫറിയെ വളഞ്ഞെങ്കിലും ഫലമുണ്ടായില്ല. പെനൽറ്റി നൽകിയതിൽ പ്രതിഷേധം അതിരുവിട്ടതോടെ യുവന്റസ് ഗോൾകീപ്പർ ജിയൻല്യൂജി ബുഫണിനെ റഫറി ചുവപ്പുകാർഡ് പുറത്താക്കി. മിനിറ്റുകൾ നീണ്ട നാടകീയതയ്ക്കുശേഷം പകരക്കാരൻ ഗോളിയെ കബളിപ്പിച്ച് റൊണാൾഡോ പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ യുവെയുെട ഐതിഹാസിക പോരാട്ടത്തിന് സമാപനം. ആശ്വാസഗോളിന്റെ ആവേശത്തിൽ ജഴ്സിയൂരി മസിൽ പെരുപ്പിച്ച റൊണാൾഡോയ്ക്ക് മഞ്ഞക്കാർഡ്. ഇരുപാദങ്ങളിലുമായി 4–3ന് യുവന്റസിനെ പിന്തള്ളി തുടർച്ചയായ എട്ടാം വർഷവും റയൽ ചാംപ്യൻസ് ലീഗ് സെമിയിൽ.