ലണ്ടൻ ∙ ഹോസെ മൗറീഞ്ഞോയ്ക്കു തൽക്കാലം ആശ്വസിക്കാം. ട്രാൻസ്ഫർ ജാലകം കൊട്ടിയടയുന്നതിനു മുൻപ് സൂപ്പർ താരങ്ങളെയൊന്നും സ്വന്തമാക്കാനായില്ലെങ്കിലും സൂപ്പർ പ്രകടനത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗ് സീസണിലെ ആദ്യകളിയിൽ വിജയം. ടീം ക്യാപ്റ്റനായി ചുമതലയേറ്റ പോൾ പോഗ്ബ ഉശിരൻ പ്രകടനം പുറത്തെടുത്ത മൽസരത്തിൽ ലെസ്റ്റർ സിറ്റിയെ 2–1നാണ് യുണൈറ്റഡ് തകർത്തത്. മൂന്നാം മിനിറ്റിൽ പെനൽറ്റിയിൽനിന്നു പോഗ്ബയും 83–ാം മിനിറ്റിൽ ലൂക്ക് ഷായുമാണു യുണൈറ്റഡിനായി ഗോൾ നേടിയത്. ഇൻജുറി സമയത്ത് (92’) ജെയ്മി വാർഡി ലെസ്റ്ററിനായി ഒരു ഗോൾ മടക്കി.
∙ ക്യാപ്റ്റൻ പോഗ്ബ
സീസണിനു മുന്നോടിയായുള്ള പരിശീലന ക്യാംപിൽ കഴിഞ്ഞ ആഴ്ചമാത്രം ചേർന്ന പോഗ്ബയ്ക്കു ക്യാപ്റ്റന്റെ ചുമതലകൂടി മൗറീഞ്ഞോ നൽകുകയായിരുന്നു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനായി ഗോളടിച്ച പോഗ്ബ മൂന്നുമിനിറ്റുകൊണ്ടു പ്രീമിയർ ലീഗ് സീസണിലെ ആദ്യഗോൾ സ്കോററായി. അലക്സിസ് സാഞ്ചസിന്റെ ഷോട്ട് ബോക്സിനുള്ളിൽ ലെസ്റ്റർ സിറ്റി ഡിഫൻഡർ ഡാനിയൽ അമാർട്ടി കൈകൊണ്ടു തടഞ്ഞതിനു യുണൈറ്റഡിനു പെനൽറ്റി. പോഗ്ബയുടെ ഷോട്ട് തടുക്കാൻ ലെസ്റ്റർ ഗോൾകീപ്പർ കാസ്പർ ഷ്മൈക്കേലിനു കഴിഞ്ഞില്ല. യുണൈറ്റഡ് മുന്നിൽ (1–0).
∙ ലെസ്റ്റർ തുലച്ചു
16–ാം മിനിറ്റിൽ ഗോൾ മടക്കാൻ ലഭിച്ച സുവർണാവസരം പ്രയോജനപ്പെടുത്താൻ ലെസ്റ്റർ സ്ട്രൈക്കർ കെലേച്ചി ഇയനാച്ചോയ്ക്കായില്ല. ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പോസ്റ്റിനു പുറത്തേക്കു പോയി. 29–ാം മിനിറ്റിൽ മാഡിസന്റെ ഷോട്ട് തട്ടിയകറ്റിയ ഡിഗിയ യുണൈറ്റഡിന്റെ രക്ഷകനായി. രണ്ടാം പകുതിയിലും ഗോൾ മടക്കാൻ ലഭിച്ച അവസരങ്ങൾ ലെസ്റ്റർ തുലച്ചു. 83–ാം മിനിറ്റിൽ യുണൈറ്റഡ് സീനിയർ ടീമിനായി നേടിയ ആദ്യഗോളോടെ ഷാ ടീമിന്റെ വിജയമുറപ്പിച്ചു (2–0). ഇൻജുറി സമയത്തു റിക്കാർഡോയുടെ പോസ്റ്റിലിടിച്ച ഷോട്ട് റീബൗണ്ടിലൂടെ വാർഡി വലയിലാക്കിയെങ്കിലും കളിയിൽ തിരിച്ചുവരാനുള്ള സമയം തീർന്നിരുന്നു.
∙ മാഞ്ചസ്റ്റർ ചേരുവ
യുവാൻ മാട്ട, മർക്കസ് റാഷ്ഫഡ്, അലക്സിസ് സാഞ്ചസ് എന്നിവരെ മുന്നേറ്റനിരയിൽ അണിനിരത്തിയാണു മൗറീഞ്ഞോ ടീമിനെ വിന്യസിച്ചത്. റാഷ്ഫഡിന്റെയും സാഞ്ചസിന്റെയും വേഗവും മാട്ടയുടെ ഡ്രിബ്ലിങ് മികവും യുണൈറ്റഡ് മുന്നേറ്റങ്ങൾക്കു മൂർച്ചകൂട്ടി. മധ്യനിരയിൽ പോഗ്ബകൂടി ഫോമിലേക്കുയർന്നതോടെ മൽസരം യുണൈറ്റഡിന് അനുകൂലമായി. 67–ാം മിനിറ്റിൽ റാഷ്ഫഡിനു പകരം ലുക്കാകുവിനെ മൗറീഞ്ഞോ കളത്തിലിറക്കി.
‘‘പോഗ്ബയെ ആർക്കും തടുക്കാനാകില്ല. പോഗ്ബയ്ക്ക് 60 മിനിറ്റ് സമയമേ കളിക്കാനാകൂ എന്നാണു കരുതിയത്. പക്ഷേ 80 മിനിറ്റ് കളിക്കാനായി. കളിയിൽ ആറു മാറ്റങ്ങളെങ്കിലും വരുത്തണമെന്നായിരുന്നു ആഗ്രഹം, പക്ഷേ മൂന്നു മാറ്റങ്ങൾക്കല്ലേ സാധ്യതയുള്ളൂ.’’
– ഹോസെ മൗറിഞ്ഞോ (യുണൈറ്റഡ് പരിശീലകൻ)
∙ പതിനൊന്ന്
11 പ്രീമിയർ ലീഗ് മൽസരങ്ങളിൽ പോൾ പോഗ്ബ ഗോൾ നേടിയിട്ടുണ്ട്. ഈ 11 മൽസരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു ജയം. പ്രീമിയർ ലീഗ് റെക്കോർഡാണിത്.