ലണ്ടൻ∙ ലയണൽ മെസ്സിയുടെ ഹാട്രിക്കിന്റെ കേളികൊട്ടോടെ സീസണിലെ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പോരാട്ടങ്ങൾക്ക് അരങ്ങുണർന്നു. ഗ്രൂപ്പ് മൽസരങ്ങളിൽ ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവനെ ബാർസിലോന 4–0നു കീഴടക്കി. ഇംഗ്ലിഷ് ക്ലബ് ലിവർപൂളിനെതിരെ ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കു 3–2 തോൽവി പിണഞ്ഞു.
ഇംഗ്ലിഷുകാരായ ടോട്ടനത്തെ 2–1ന് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാൻ വീഴ്ത്തിയപ്പോൾ ഫ്രഞ്ച് ക്ലബ് മൊണാക്കോയെ സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡും കീഴടക്കി (2–1). ജർമൻ ക്ലബ് ഷാൽകെയും പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയും തമ്മിലുള്ള മൽസരം 1–1 സമനിലയായി. ജർമൻ ക്ലബ് ബൊറൂസിയ ഡോർട്മുണ്ട് 1–0ന് ബൽജിയത്തിലുള്ള ക്ലബ് ബ്രൂഗിനെ വീഴ്ത്തി.
∙ മെസ്സി മാജിക്കിൽ ബാർസ
75–ാം മിനിറ്റ് വരെ 1–0നു മുന്നിൽനിന്ന ബാർസിലോന പിന്നീടു തുടരെ മൂന്നു ഗോളടിച്ചാണ് വമ്പൻ ജയം സ്വന്തമാക്കിയത്. 32–ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നു ലഭിച്ച ഫ്രീകിക്ക് പോസ്റ്റിലേക്കു വളച്ചുവിട്ടാണു മെസ്സി ഗോളടി തുടങ്ങിയത്.
പിഎസ്‌വി ഗോൾകീപ്പർ ജെറോൺ സോയെറ്റ് ചാടി നോക്കിയെങ്കിലും മഴവില്ലു കണക്കെ വളഞ്ഞ പന്ത് പോസ്റ്റിനു മധ്യത്തിലേക്കു പറന്നിറങ്ങി. 75–ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുള്ള മനോഹരമായ ഷോട്ടിലൂടെ ഓസുമാനെ ഡെംബലെ ബാർസയ്ക്കു ലീഡ് നൽകി (2–0).
രണ്ടു മിനിറ്റിനകം ഇവാൻ റാകിട്ടിച്ചിന്റെ പാസ് പോസ്റ്റിലേക്കു വഴിതിരിച്ചു വിട്ടു രണ്ടാമതും വലകുലുക്കിയ മെസ്സി മൽസരം അവസാനിക്കാൻ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോൾ ലൂയി സ്വാരെസ് മറിച്ച പന്ത് അനായാസം ഗോൾവര കടത്തി ഹാട്രിക് തികച്ചു.
79–ാം മിനിറ്റിൽ സാമുവൽ ഉംറ്റിറ്റി ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ പത്തു പേരുമായിട്ടായിരുന്നു ബാർസ തുടർന്നു കളിച്ചത്.
∙ ഫിർമിനോ ഗോളിൽ ലിവർപൂൾ
രണ്ടു ഗോളിനു പിന്നിട്ടു നിന്നശേഷം രണ്ടു ഗോൾ തിരിച്ചടിച്ച പിഎസ്ജി, ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ സമനില പിടിക്കും എന്നു തോന്നിച്ചെങ്കിലും ഇൻജുറി സമയത്തെ റോബർട്ടോ ഫിർമിനോയുടെ ഗോൾ മൽസരവിധി മറ്റൊന്നാക്കി. ലിവർപൂളിന് 3–2 വിജയം. 30–ാം മിനിറ്റിൽ ആന്റി റോബർട്ട്സൺ ഇടതു വിങ്ങിൽ നിന്ന് ഉയർത്തിവിട്ട പന്ത് ഹെഡറിലൂടെ ഗോൾവര കടത്തിയ ഡാനിയർ സ്റ്ററിഡ്ജ് ലിവർപൂളിനെ മുന്നിലെത്തിച്ചു. 36–ാം മിനിറ്റിലെ പെനൽറ്റിയിൽനിന്നു ജയിംസ് മിൽനറും ലക്ഷ്യം കണ്ടു. എന്നാൽ നാലു മിനിറ്റിനകം തോമസ് മ്യൂനിയറിലൂടെ ആദ്യ ഗോൾ മടക്കിയ പിഎസ്ജി 83–ാം മിനിറ്റിൽ എംബപെയുടെ തകർപ്പൻ ഗോളിലൂടെ ഒപ്പമെത്തി.
പക്ഷേ, കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കേ സാദിയോ മാനെ മറിച്ച പന്ത് ഫിർമിനോ പോസ്റ്റിലേക്കു തട്ടിയിട്ടതോടെ ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ് നെടുവീർപ്പിട്ടു.
∙ ജയത്തോടെ ഇന്റർ
ഇന്റർ മിലാനെതിരെ 85 മിനിറ്റ് വരെ 1–0 മുന്നിട്ടുനിന്നെങ്കിലും എവേ മൽസരത്തിൽ തോൽവിയോടെ മടങ്ങാനായി ടോട്ടനത്തിന്റെ വിധി. 53–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സന്റെ ഗോളിൽ ടോട്ടനം മുന്നിലെത്തി. ഒറ്റ ഗോൾ ലീഡിൽ കടിച്ചുതൂങ്ങി മൽസരം സ്വന്തമാക്കാമെന്ന ടോട്ടനത്തിന്റെ സ്വപ്നത്തിനുമേൽ 86–ാം മിനിറ്റിലെ മൗറോ ഇക്കോർഡിയുടെ വോളി ഷോട്ട് ആദ്യം കരിനിഴൽ വീഴ്ത്തി. മാത്തിയാസ് വെസീനോയുടോ ഗോളിൽ ഇന്റർ മൽസരവും സ്വന്തമാക്കി.