ചാംപ്യൻസ് ലീഗിൽ ലിവർപൂൾ, ടോട്ടനം നോക്കൗട്ടിൽ; പിഎസ്ജി ഗ്രൂപ്പ് ജേതാക്കൾ

നാപ്പോളിക്കെതിരെ മുഹമ്മദ് സലാ ലിവർപൂളിന്റെ വിജയഗോൾ നേടുന്നു.

ലണ്ടൻ ∙ ആൻഫീൽഡിൽ മൽസരശേഷം ആദ്യം ആരുടെയടുത്തേക്ക് ഓടണമെന്ന അങ്കലാപ്പായിരുന്നു ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പിന്റെ മുഖത്ത്. ഗോളടിച്ച സലായെ വേണോ, ഗോൾ തടുത്ത ആലിസണെ വേണോ..? ഒടുവിൽ പത്രസമ്മേളനത്തിൽ ക്ലോപ്പ് ഒട്ടും പിശുക്കില്ലാതെ ഒരു പോലെ രണ്ടു പേരെയും പ്രശംസിച്ചു: ‘‘ആലിസൺ ഇത്ര മിടുക്കനായിരുന്നെങ്കിൽ ഞാൻ ട്രാൻസ്ഫറിൽ ഇരട്ടി തുക കൊടുത്തേനെ. സലായുടേത് എന്തൊരു ഗോളായിരുന്നു!’’ സി ഗ്രൂപ്പ് മൽസരത്തിൽ പൊരുതിക്കളിച്ച നാപ്പോളിയെ 1–0നു കീഴടക്കിയാണ് ലിവർപൂൾ യുവേഫ ചാംപ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിലേക്കു കടന്നത്. 

ബൽഗ്രേഡിൽ പിഎസ്ജിയുടേത് അനായാസ ജയം. റെഡ്സ്റ്റാറിനെ പാരിസുകാർ 4–1നു തകർത്തു. കവാനി, നെയ്മർ, എംബപെ, മാർക്വിഞ്ഞോസ് എന്നിവരാണ് ഗോൾ നേടിയത്. ബി ഗ്രൂപ്പ് പോരാട്ടത്തിൽ നൂകാംപിൽ ബാർസിലോനയെ 1–1 സമനിലയിൽ തളച്ച് ഇംഗ്ലിഷ് ക്ലബായ ടോട്ടനം ഹോട്സ്പറും മുന്നേറി. ഇതോടെ പിഎസ്‌വിയോടു സമനിലയിൽ (1–1) കുരുങ്ങിയ ഇന്റർ മിലാൻ പുറത്തായി. മറ്റുകളികളിൽ ഷാൽക്കെ ലോക്കോമോട്ടീവിനെയും (1–0), പോർട്ടോ ഗലട്ടസറെയെയും (3–2), ഡോർട്ട്മുണ്ട് മൊണാക്കോയെയും (2–0) തോൽപ്പിച്ചു. അത്‌ല‌റ്റിക്കോ മഡ്രിഡ് ക്ലബ് ബ്രൂഗിനോട് സമനിലയിൽ കുരുങ്ങി.

നാപ്പോളി ഔട്ട്

ആൻഫീൽഡിൽ അനായാസം ജയിക്കാമായിരുന്ന മൽസരമാണ് ലിവർപൂളിനു വിയർത്തു കളിക്കേണ്ടി വന്നത്. മുൻനിരയ്ക്കു മൂർച്ചയുണ്ടായിരുന്നെങ്കിൽ ലിവർപൂൾ മൂന്നു ഗോളിനെങ്കിലും ജയിച്ചേനെ. സുന്ദരമായ രണ്ട് അവസരങ്ങൾ പാഴാക്കി സാദിയോ മാനെ പ്രധാന വില്ലനായി. 34–ാം മിനിറ്റിൽ മരിയോ റൂയിയെ ഇടിച്ചു മുന്നേറിയും കൗലിബാലിയെ വെട്ടിച്ചു കയറിയും സലാ പായിച്ച പന്ത് നാപ്പോളി കീപ്പർ ഒസ്പിനയുടെ കാലുകൾക്കിടയിലൂടെ ഗോളിലേക്കു പോയി. കളിയുടെ അവസാന നിമിഷം അർക്കാദിയൂസ് മിലികിന് സുവർണാവസരം കിട്ടിയെങ്കിലും മൂന്നു മീറ്റർ അകലെ നിന്നുള്ള ഷോട്ട് ആലിസൺ അവിശ്വസനീയമായി തടഞ്ഞു.

ടോട്ടനം ഇൻ 

നൂകാംപിൽ ഏഴാം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങേണ്ടി വന്നത് ടോട്ടനമിന്റെ നെഞ്ചിടിപ്പു കൂട്ടി. മധ്യവരയ്ക്കടുത്തു നിന്നു പാഞ്ഞു കയറിയ ഒസ്മാൻ ഡെംബെലെ പായിച്ച ഷോട്ടിനു മുന്നിൽ ടോട്ടനം കീപ്പർ ഹ്യൂഗോ ലോറിസ് നിസ്സഹായനായി. പിന്നാലെ ഇറ്റലിയിൽ നിന്ന് ടോട്ടനമിന് സന്തോഷ വാർത്തയെത്തി. ഇന്ററിനെതിരെ 13–ാം മിനിറ്റിൽ പിഎസ്‌വി ഗോൾ നേടിയിരിക്കുന്നു. എന്നാൽ 73–ാം മിനിറ്റിൽ അവർ പേടിച്ചതു സംഭവിച്ചു. പിഎസ്‌വിക്കെതിരെ ഇന്ററിനു വേണ്ടി മൗറോ ഇകാർദിയുടെ സമനില ഗോൾ. പൊരുതിക്കളിച്ച ടോട്ടനമിന് പക്ഷേ ഭാഗ്യം വരാന് വൈകി. 85–ാം മിനിറ്റിൽ ഹാരി കെയ്ന്റെ  ക്രോസിൽ നിന്ന്  മൗറയുടെ ടാപ്പ് ഇൻ ഗോൾ ലൈൻ കടന്നു.

കണ്ണുകളെന്തിനു വേറെ!

ചങ്ങാതി നന്നെങ്കിൽ കണ്ണാടിയല്ല, കണ്ണു തന്നെ വേണ്ട! ആൻഫീൽഡിലെ ലിവർപൂൾ–നാപ്പോളി മൽസരത്തിനിടെയുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ വൈറൽ. 34–ാം മിനിറ്റിൽ മുഹമ്മദ് സലാ ഗോൾ നേടിയതിനു പിന്നാലെ ആർപ്പു വിളിക്കുന്ന ലിവർപൂൾ ആരാധകർക്കിടയിൽ കാഴ്ച ശേഷിയില്ലാത്ത ഒരാൾ മാത്രം ആകാശത്തേക്കു കണ്ണുനട്ട് കയ്യടിക്കുന്ന ദൃശ്യം. ഒരു നിമിഷത്തെ ആഘോഷത്തിനു ശേഷം അടുത്തു നിന്ന കൂട്ടുകാരൻ ഇദ്ദേഹത്തിന് നടന്നതെന്താണെന്ന് വിവരിച്ചു കൊടുക്കുന്നു.