അണ്ടർ 17 ലോകകപ്പിലെ വൻ(കര) പാഠങ്ങൾ

ലോക ഫുട്ബോളിന്റെ വരുംകാലത്തിലേക്കുള്ള ത്രൂ പാസ് ആയിരുന്നു അണ്ടർ–17 ലോകകപ്പ്. ഇനിയുള്ള ഒരു പതിറ്റാണ്ടെങ്കിലും കളിക്കളങ്ങളിൽ എന്തു കാണാം എന്നതിന്റെ ട്രെയ്‌ലർ. 2014 ലോകകപ്പിലൂടെ ജർമനി തുടക്കമിട്ട യൂറോപ്യൻ ആധിപത്യം അടുത്ത കാലത്തെങ്ങും തകരാൻ പോകുന്നില്ല എന്നതാണ് അണ്ടർ–17 ലോകകപ്പിലെ ഏറ്റവും വലിയ സൂചന. 

യൂറോപ്പിന്റെ സൗന്ദര്യം

ലോക ഫുട്ബോളിലെ ആധിപത്യം മാത്രമല്ല യൂറോപ്പ് ഈ ലോകകപ്പിലൂടെ അരക്കിട്ടുറപ്പിച്ചത്. സൗന്ദര്യ ബോധമില്ലാതെ വിജയം മാത്രം ലക്ഷ്യമിട്ട് കളിക്കുന്നവർ എന്ന പരാതി ഇനി പറയരുത് എന്നതു കൂടിയാണ്. ലാറ്റിനമേരിക്കയ്ക്കു പുറത്ത് ഹോളണ്ടിനു മാത്രം ചാർത്തിക്കൊടുത്തിരുന്ന ഫുട്ബോളിന്റെ ബ്യൂട്ടി സർട്ടിഫിക്കറ്റിന് ഇംഗ്ലണ്ടും സ്പെയിനുമെല്ലാം ഇപ്പോൾ അവകാശവാദമുയർത്തുന്നു.

തൊണ്ണൂറു മിനിറ്റും തിളച്ചു മറിഞ്ഞ ഫൈനൽ യൂറോപ്യൻ ഫുട്ബോളിന്റെ സൗന്ദര്യത്തെക്കുറിച്ചും കൗമാര ലോകകപ്പിലെ മൽസരങ്ങളുടെ നിലവാരത്തെക്കുറിച്ചും ഇനിയും സംശയമുള്ളവർക്കുള്ള മറുപടി. 65 ഗോളുകളാണ് നാലു യൂറോപ്യൻ ടീമുകളും കൂടി ചേർന്ന് ഈ ലോകകപ്പിൽ നേടിയത്. കൃത്യമായ യൂത്ത് ഡവലപ്മെന്റ് പദ്ധതികളിലൂടെ എങ്ങനെ കിരീടങ്ങൾ നേടാം എന്ന ഇംഗ്ലണ്ടിന്റെ മാതൃക മറ്റു രാജ്യങ്ങൾക്കുള്ള പാഠം. 

ലാറ്റിനമേരിക്കയുടെ ഭാവി?

വാഴ്ത്തുപാട്ടുകളിൽ മയക്കത്തിൽനിന്ന് ലാറ്റിനമേരിക്ക ഇപ്പോഴും ഉണർന്നിട്ടില്ല. കഴിഞ്ഞ ഫിഫ ലോകകപ്പിലും കോപ്പ അമേരിക്കയിലും കണ്ടുതുടങ്ങിയ ലക്ഷ്യബോധമില്ലാത്ത കളി അവർ ഇന്ത്യയിലും ആവർത്തിച്ചു. ബ്രസീൽ മൂന്നാം സ്ഥാനം നേടിയെങ്കിലും മാലിക്കെതിരെയുള്ള വിരസമായ മൽസരം അവരുടെ പാരമ്പര്യത്തെ തന്നെ ചോദ്യം ചെയ്യുന്നത്. മൽസരശേഷം ബ്രസീൽ കോച്ച് കാർലോസ് അമാദ്യു തന്നെ കുറ്റസമ്മതം നടത്തി:

‘‘ഞങ്ങൾ കളിച്ചത് യഥാർഥ ബ്രസീലിയൻ ഫുട്ബോളല്ല..!’’. ചിലെയുടെ കാര്യമാണ് അതിലും കഷ്ടം. അലയടങ്ങാത്ത ആക്രമണത്തിനു പേരുകേട്ട അവർ ഇന്ത്യയിൽ അമിത പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. മെക്സിക്കോയ്ക്കെതിരെ വിജയം അനിവാര്യമായ കളിയിൽ പോലും ആദ്യ ഇലവനിൽ അഞ്ചു ഡിഫൻഡർമാരുമായി ഇറങ്ങിയ അവരുടെ ടാക്റ്റിക്സിനെക്കുറിച്ച് എന്തു പറയണം! 

ആഫ്രിക്കയുടെ മികവ്

ശാരീരിക മികവ് മാത്രമല്ല ഫുട്ബോളിൽ തങ്ങളുടെ ആനുകൂല്യം എന്നത് ആഫ്രിക്ക വിളിച്ചുപറഞ്ഞു. ലാറ്റിനമേരിക്കൻ, യൂറോപ്യൻ താരങ്ങളെപ്പോലെ വ്യക്തിഗത മികവുള്ള കളിക്കാർ‍ ആഫ്രിക്കയിൽനിന്നും ലോക ഫുട്ബോളിലേക്കു വരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസീലൻഡിനെതിരെ മാലി താരം ജെമൗസ ട്രവോർ നേടിയ ഗോൾ ഉദാഹരണം. പന്തുമായി ബോക്സിൽ എന്തു ചെയ്യണം എന്നാലോചിച്ചു നിന്ന ട്രവോർ രണ്ടു ഡ്രിബിളിനു ശേഷം പന്തു പാകപ്പെടുത്തി നേരെ പോസ്റ്റിന്റെ മുകൾ മൂലയിലേക്കിട്ടു.

പക്ഷേ, എതിരാളിക്കു മേൽ ഗോളുകളിലൂടെ ആധിപത്യം നേടുന്നതിൽ മാലിക്ക് ടൂർണമെന്റിലുടനീളം പിഴച്ചു. ഏഴു മൽസരങ്ങളിലായി 184 ഷോട്ടുകളാണ് മാലി ഉതിർത്തത്. അതിൽ ഗോളായത് 16 എണ്ണം മാത്രം. മൽസരം സമ്പൂർണമാകുന്നത് ഗോളുകളും വിജയവും കൊണ്ടാണെന്ന് ആഫ്രിക്കൻ ടീമുകൾ ഇനിയും പഠിക്കണം. 

ഏഷ്യയുടെ അസ്ഥിരത

ഈ ലോകകപ്പിൽ അട്ടിമറി എന്നു പറയാവുന്ന ഒരേയൊരു മൽസരം ജർമനിക്കെതിരെ ഇറാൻ നേടിയ 4–0 ജയമാണ്. ജർമനിയെ മധ്യനിരയിൽ നിഷ്പ്രഭരാക്കി കളി ജയിച്ച ഇറാൻ വലിയ പ്രതീക്ഷയുണർത്തി. എന്നാൽ ഒറ്റ മൽസരത്തിലെ അദ്ഭുതം മാത്രമായി അത്. സ്പെയിനിനെതിരെ അവർ അതു പോലെ വീണു. ചിലെയ്ക്കെതിരെ ഇറാഖിന്റെ വിജയവും ഏഷ്യൻ ഫുട്ബോളിനു പ്രതീക്ഷയുണർത്തുന്നത്.

എന്നാൽ ഒരു മൽസരം എന്നതിനപ്പുറം ഒരു ടൂർണമെന്റ് ജയിക്കാനുള്ള സ്ഥിരത ഇപ്പോഴും ഏഷ്യൻ ടീമുകൾ ഇന്ത്യയിലും കൈവരിച്ചില്ല. ഇംഗ്ലണ്ടിനെതിരെ ജപ്പാന്റെ മൽസരം ഇന്ത്യ അടക്കമുള്ള മറ്റ് ഏഷ്യൻ ടീമുകൾക്കുള്ള പാഠം. തന്ത്രങ്ങളിലും ടീം മികവിലും തങ്ങളെക്കാൾ മികവുള്ള യൂറോപ്യൻ ടീമിനെതിരെ അസാമാന്യമായ പോരാട്ടവീര്യം കൊണ്ട് ജപ്പാൻ മൽസരം ഷൂട്ടൗട്ടിലെത്തിച്ചു. 

അമേരിക്കയുടെ ആശയക്കുഴപ്പം

യൂറോപ്പിനെ കണ്ടുപഠിക്കണോ തെക്കേ അമേരിക്കൻ ടീമുകളെപ്പോലെ കളിക്കണോ..? മെക്സിക്കോ, യുഎസ്എ, കോസ്റ്ററിക്ക തുടങ്ങിയ കോൺകകാഫ് രാജ്യങ്ങളുടെ ആശയക്കുഴപ്പം ഇപ്പോഴും മാറിയിട്ടില്ല. സ്വതസിദ്ധമായ ഒരു ശൈലിയില്ലാത്തത് സ്വന്തം രാജ്യത്തിന്റെ അതിർത്തിക്കപ്പുറം അവർക്ക് ആരാധകരെയും നൽകുന്നില്ല. ഒരു കളി പോലും ജയിക്കാതെ രണ്ടു സമനിലകളുമായാണ് മെക്സിക്കോ നോക്കൗട്ടിൽ എത്തിയത്.

യുഎസ്എ മികച്ച ടീമായിരുന്നെങ്കിലും ഒരേ ശൈലിയിൽ തങ്ങളെക്കാൾ നന്നായി കളിക്കുന്ന ഇംഗ്ലണ്ടിനെ തന്നെ ക്വാർട്ടറിൽ കിട്ടിയത് നിർഭാഗ്യമായി. ജർമനിക്കെതിരെ അവസാന നിമിഷത്തെ ഗോളിലാണ് തോറ്റതെങ്കിലും കോസ്റ്ററിക്ക പിന്നീട് പല കളികളിലും രക്ഷപ്പെട്ടത് കെയ്‌ലർ നവാസിന്റെ പിൻഗാമിയെന്നു വിലയിരുത്തപ്പെടുന്ന ഗോൾകീപ്പർ റിക്കാർഡോ മോണ്ടിനെഗ്രോയുടെ മികവിൽ.