കസാൻ അരീന∙ ഇറാനുമായുള്ള മൽസരത്തിനിടെ ഗോൾകീപ്പർ അലി ബേയ്റൻവാണ്ടിന്റെ കാലിൽ ബോധപൂർവം ചവിട്ടി എന്ന ആരോപണം നിഷേധിച്ചു ഡിയേഗോ കോസ്റ്റ. അതേ സമയം മൽസരത്തിലെ നിർണായക ഗോൾ നേടാനായത് ഭാഗ്യംകൊണ്ടാണ് എന്ന കാര്യം കോസ്റ്റ സമ്മതിച്ചു. ഇറാൻ താരങ്ങൾ കളിയിൽ അമിത പ്രതിരോധത്തിലേക്കു വലിഞ്ഞതോടെ അസ്വസ്ഥനായ കോസ്റ്റ മൽസരത്തിന്റെ ആദ്യ പകുതിയിൽ ഗോൾ കിക്ക് എടുക്കാൻ തുടങ്ങിയ ഇറാൻ ഗോൾകീപ്പറുടെ നേർക്ക് നടന്നടുത്തത് വിവാദത്തിനു വഴി വച്ചിരുന്നു.
ബേയ്റൻവാണ്ടിന്റെ തൊട്ടടുത്തു വരെ കോസ്റ്റ നടന്നെത്തിയപ്പോൾ ബൂട്ടിൽ പിടിച്ചു വേദനകൊണ്ടു പുളയുന്ന ആംഗ്യമാണു ബേയ്റൻവാണ്ട് കാണിച്ചത്. കോസ്റ്റയ്ക്കു റഫറി കാർഡ് നൽകിയിരുന്നുമില്ല. ഇറാനാണു തങ്ങളെ പ്രകോപിപ്പിച്ചതെന്നും അവരാണു കുറ്റക്കാരെന്നുമാണു മൽസരത്തിനു ശേഷം കോസ്റ്റ പ്രതികരിച്ചത്. ഗോൾ വേട്ടയിൽ മൂന്നു ഗോളോടെ രണ്ടാം സ്ഥാനത്താണു കോസ്റ്റ ഇപ്പോൾ. ഗോളടിയിൽ ക്രിസ്റ്റ്യാനോയുമായി മൽസരമില്ലെന്നും കോസ്റ്റ പറഞ്ഞു.