മോസ്കോ∙ 39–ാം വയസിൽ അഞ്ചാം ലോകകപ്പ് കളിക്കുന്ന റഫാൽ മാർക്വെസ് ഫിഫയ്ക്കും പരസ്യ കമ്പനികൾക്കും തലവേദനയാകുന്നു. മാർക്വെസിനെ ലോകകപ്പിൽ ബഹിഷ്കരിക്കാനാണ് അമേരിക്കൻ കമ്പനികളുടെ ആഹ്വാനം. ഫിഫയുടെ ലോകകപ്പ് പരസ്യങ്ങളിൽ ഒന്നിൽ പോലും മാർക്വെസിന്റെ ദൃശ്യങ്ങൾ കാട്ടിയിരുന്നില്ല. താരത്തിന്റെ അഭിമുഖങ്ങൾ സ്വീകരിക്കരുതെന്നു സംപ്രേഷകരോട് ഫിഫ ആവശ്യപ്പെട്ടു കഴിഞ്ഞു.
ഫിഫയുടെ ലോഗോകൾ പ്രദർശിപ്പിക്കുന്ന പരസ്യബോർഡിനു മുന്നിൽ പോലും മാർക്വെസിനു നിൽക്കാനാകില്ല. ഇനി ഏതെങ്കിലും കളിയിൽ മാർക്വെസ് മാൻ ഓഫ് ദ മാച്ച് ആയാൽ എന്തുചെയ്യണം എന്നുവരെയുള്ള തന്ത്രങ്ങൾ അരങ്ങിൽ ഒരുങ്ങിക്കഴിഞ്ഞു. സമ്മാനം സ്പോൺസർ ചെയ്യുന്നത് യുഎസ് ബീയർ നിർമാതാക്കളായ ബഡ്‌വൈസറാണ് എന്നതാണു കാരണം. മെക്സിക്കൻ മയക്കുമരുന്നു മാഫിയാ നായകന്റെ പങ്കാളിയെന്ന് ആരോപിച്ച് മാർക്വെസിനെ യുഎസ് നികുതി വിഭാഗം ഒരു വർഷത്തിനു മുൻപാണു കരിമ്പട്ടികയിൽ പെടുത്തിയത്.