താടി കെയ്ൻ, വലതുകാൽ റോണോ; വിശ്വാസം, അതല്ലേ എല്ലാം!

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ

കുറ്റിത്താടി ‘ലുക്കിൽ’ ഹാരി കെയ്ൻ കളിക്കാനിറങ്ങിയപ്പോൾ തന്നെ ഇംഗ്ലണ്ട് ആര‍ാധകർ പ്രാർഥന തുടങ്ങി, ആ താടി ഒരുമാസം നീണ്ടുവളരാൻ യോഗമുണ്ടാകണേ... കാരണമുണ്ട്.

നാലുവർഷം മുൻപ്, ടോട്ടനത്തിനു വേണ്ടി കളിക്കുമ്പോൾ കെയ്ൻ ഒരു ശപഥമെടുത്തു, ഇനി ഏതെങ്കിലും കളിയിൽ ഗോളടിക്കാതിരുന്നാലേ ഷേവ് ചെയ്യൂ! ആ ശപഥം ഏറെനാൾ നീണ്ടു. ഇതാ കെയ്ൻ വീണ്ടും ചെമ്പൻതാടിയുമായി കളത്തിൽ. തുനീസിയയ്ക്കെതിരെ വിജയഗോൾ നേടി തന്റെ വിശ്വാസം തന്നെ രക്ഷിക്കുമെന്നു സ്വയം തെളിയിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ: ലോകകപ്പിലെ ആദ്യ കളിയിൽ തന്നെ ഹാട്രിക്കുമായി തുടക്കം ശുഭമാക്കിയ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വലതുകാൽ വച്ചേ മൈതാനത്തിറങ്ങാറുള്ളൂ. ഫ്രീകിക്ക് എടുക്കാൻ തുടങ്ങുമ്പോഴും അങ്ങനെ തന്നെ.

ലയണൽ മെസി: പെനൽറ്റിയോ ഫ്രീകിക്കോ എടുക്കും മുൻപ് അർജന്റീന സൂപ്പർതാരം ലയണൽ മെസി പന്തെടുത്തു രണ്ടുകൈ കൊണ്ടുമാണു നിലത്തു വയ്ക്കാറുള്ളത്. പന്തു വയ്ക്കാൻ നടന്ന അത്ര തന്നെ കാലടികൾ പിന്നിലേക്കു നടന്ന ശേഷമേ സ്ട്രൈക്ക് ചെയ്യൂ.

നെയ്മർ: ഓരോ മത്സരത്തിനു മുൻപും നെയ്മർ അച്ഛനെ ഫോണിൽ വിളിക്കും. അച്ഛനൊപ്പം പ്രാർഥിക്കും. അച്ഛന്റെ പ്രാർഥന തനിക്കു ഭാഗ്യം കൊണ്ടുവരുമെന്നു നെയ്മർ വിശ്വസിക്കുന്നു. സങ്കീർണമായ മത്സരങ്ങൾക്കു മുൻപു നെയ്മർ ആരാധകർക്കായി സ്വന്തം ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.

ഫിൽ ജോൺസ്: ഇംഗ്ലണ്ട് ഡിഫൻഡർ ഫിൽ ജോൺസിനു മൈതാനത്തെ വെള്ളവരകളിൽ കാൽവയ്ക്കാൻ മടിയാണ്. കോർണർ കിക്ക് എടുക്കേണ്ടിവരുന്നതു പോലുള്ള നിർണായക നിമിഷങ്ങളിലൊഴികെ ജോൺസ് വെള്ളവര ഒഴിവാക്കിയാണു സഞ്ചരിക്കുക.

ജെയ്മി വാർഡി: ഇംഗ്ലിഷ് മധ്യനിരക്കാരൻ വാർഡി മത്സരങ്ങൾക്കു മുൻപു വൈകുന്നേരങ്ങളിൽ ഒരു ഗ്ലാസ് ‘പോർട്ട്’ ബ്രാൻഡ് വീഞ്ഞ് അകത്താക്കും. മത്സരം കഴിഞ്ഞെത്തിയ ശേഷം മീൻവിഭവങ്ങൾ കൂട്ടി അത്താഴവും.

മെസൂട്ട് ഓസിൽ: ജർമൻ കുന്തമുനയായ ഓസിൽ വലതുകാലിലെ ബൂട്ട് ആദ്യം ധരിക്കും. പലവട്ടം കടുംകെട്ടിട്ടു മുറുക്കിയാകും ബൂട്ട് ധരിക്കുക. മൈതാനത്ത് ഇറങ്ങുമ്പോൾ വലതുകാൽ തന്നെയാണ് ആദ്യം കുത്തുന്നതും.

മാരിയോ ഗോമസ്: ജർമൻ താരം ഗോമസ് ഡ്രസിങ് റൂമിലെ ശുചിമുറിയിൽ ഏറ്റവും ഇടതുവശത്തെ യൂറിനൽ മാത്രമേ മൂത്രശങ്ക തീർക്കാൻ ഉപയോഗിക്കൂ. മത്സരത്തിന് ഇറങ്ങും മുൻപ് അവസാനമായി ഗോമസ് ചെയ്യുന്നതും ഇതുതന്നെ.

ലൂയി സ്വാരെസ്: കാലുകൊണ്ടും പല്ലുകൊണ്ടും മൈതാനത്തെ വിറപ്പിക്കുന്ന യുറുഗ്വായ് താരം സ്വാരസിന്റെ ഭാഗ്യം കുടികൊള്ള‍ുന്നതു കൈത്തണ്ടയിലെ ടാറ്റൂവിലാണ്. പക്കാ ‘ഫാമിലി മാൻ’ ആയ സ്വാരസ് തന്റെ മക്കളുടെ പേരാണു കൈത്തണ്ടയിൽ പച്ചകുത്തിയിരിക്കുന്നത്.

തിബൗട്ട് കോർട്ടോയിസ്: ബൽജിയൻ ഗോൾകീപ്പർ കോർട്ടോയിസ് ഗ്രൗണ്ടിലേക്കു പോകുന്നതു ഗ്ലൗസിന്റെ തുമ്പിൽ വെള്ളം നനച്ചുകൊണ്ടാണ്. ബൂട്ട് കൊണ്ടു പോസ്റ്റിൽ ചെറുതായി തട്ടും. നെറ്റിനു നടുവിൽ ഇടിക്കും.

കൈൽ വോക്കർ: ഇംഗ്ലണ്ട് ഡിഫൻഡർ കൈൽ വോക്കർ മത്സരങ്ങൾക്കിറങ്ങും മുൻപു തന്റെ ബ്രേസ്‌ലെറ്റിൽ ചുംബിക്കും. കാരണം ചോദിച്ചാൽ വോക്കർ പറയും, ‘ഞാൻ പതിവായി അങ്ങനെ ചെയ്യാറുണ്ട്, അത്ര തന്നെ.’