ജിസ്യൂസ്, കുട്ടീഞ്ഞോ, വില്ലിയൻ, നെയ്മർ... ഇവരെല്ലാം ഇന്ന് ഉണർന്നു കളിച്ചേമതിയാവൂ. എന്റെ അയൽരാജ്യക്കാരായ ബ്രസീലും അർജന്റീനയെപ്പോലെ ഈ ലോകകപ്പിൽ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. കോസ്റ്റ റിക്കയ്ക്കെതിരെ വിജയത്തിൽ കുറച്ചൊന്നും ബ്രസീൽ ടീം ഇന്ന് ആഗ്രഹിക്കാൻ പാടില്ല.
വമ്പന്മാർക്കെതിരെ കുഞ്ഞൻ ടീമുകൾ നടപ്പാക്കുന്ന അമിത പ്രതിരോധ തന്ത്രം ഇതിനകം ചർച്ചയായതാണല്ലോ. മിടുക്കരായ കളിക്കാരെ മാർക്ക് ചെയ്തു വലയ്ക്കുകയും സ്വന്തം പകുതിയിലേക്കു മുഴുവൻ താരങ്ങളും ഇറങ്ങിക്കളിക്കുകയും ചെയ്യുമ്പോൾ, എതിരു നിൽക്കുന്നതു ബ്രസീലാണെങ്കിൽപോലും ഗോളടിക്കാൻ വല്ലാതെ കഷ്ടപ്പെടും. ലോകകപ്പിൽ, നോക്കൗട്ട് റൗണ്ട് മാത്രം പ്രതീക്ഷിച്ചെത്തിയ യൂറോപ്പിലെ ചെറിയ ടീമുകളാണ് ഈ തന്ത്രത്തിന്റെ ഇപ്പോഴത്തെ ഉപയോക്താക്കൾ.
ബ്രസീൽ–സ്വിറ്റ്സർലൻഡ് മൽസരത്തിലെ വിഡിയോ സ്റ്റോറി കാണാം
എന്നാൽ, അമിതപ്രതിരോധം ആയുധമാക്കുന്നവരുടെ നിരയിൽ അമേരിക്കൻ ഭൂഖണ്ഡത്തിലെ ടീമുകളുമുണ്ട്. മെക്സിക്കോയാണ് ഇക്കാര്യത്തിൽ മുന്നിൽ; കോസ്റ്റ റിക്കയും മോശമല്ല. പ്രതിരോധക്കളി ഒന്നുകൊണ്ടു മാത്രം കഴിഞ്ഞ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെ എത്തിയ കോസ്റ്റ റിക്ക ഇത്തവണ ആദ്യമൽസരം തോറ്റു. അതിനാൽ, ഇന്നു ബ്രസീലിനെതിരെ സമനിലയെങ്കിലും നേടണമെന്ന ചിന്തയിലാവും ടീം കളത്തിലിറങ്ങുക. ഇതിനായി അവർ അമിത പ്രതിരോധ തന്ത്രമാണു തിരഞ്ഞെടുക്കുന്നതെങ്കിൽ ബ്രസീലിനു കാര്യങ്ങൾ ബുദ്ധിമുട്ടാവും; സെർബിയയോട് 0–1നു തോറ്റ കളിയിലെ 5-4-1 ശൈലിയാണ് ഇന്നും കോസ്റ്റ റിക്ക തിരഞ്ഞെടുക്കുന്നതെങ്കിൽ പ്രത്യേകിച്ചും.
ബ്രസീലിന്റെ ആക്രമണനിര, ഞാനാദ്യം പറഞ്ഞ താരങ്ങളെല്ലാം, ഉണർന്നു കളിക്കേണ്ടിയിരിക്കുന്നു. ഗോളടിക്കാൻ ബ്രസീൽ താരങ്ങൾ വൈകുന്തോറും കോസ്റ്റ റിക്ക കളിക്കാരുടെ ആത്മവിശ്വാസം കൂടും. അർജന്റീനയെപ്പോലെതന്നെ ബ്രസീലിനും പ്രശ്നം സ്കോറിങ് മാത്രമാണെന്നു തോന്നുന്നില്ല. രണ്ടു ടീമുകളുടെയും പ്രതിരോധം ദുർബലമാണ്. സ്വിറ്റ്സർലൻഡിനെതിരെ ഒരു ഗോളിനു മുന്നിട്ടു നിന്നശേഷം ബ്രസീൽ ഒരു ഗോൾ വഴങ്ങേണ്ടിവന്നത് ഇതുമൂലമാണ്. ബ്രസീലിന്റെ 4–2–3–1 ഫോർമേഷൻ മികച്ചതാണ്.
പ്രത്യേകിച്ചും ബായ്ക്ക് ലൈനിനു തൊട്ടുമുന്നിൽ കസീമിറോയും പൗളിഞ്ഞോയും വരുന്നതു ടീമിനു ഗുണം ചെയ്യും. ഇതൊക്കെയാണെങ്കിലും, വലിയ സമ്മർദത്തോടെയല്ല ബ്രസീൽ കോസ്റ്റ റിക്കയെ നേരിടുന്നതെന്നു ഞാൻ കരുതുന്നു. തന്ത്രങ്ങൾകൊണ്ടു മാത്രം ഒരു ടീം ജയിക്കില്ല; ഭാഗ്യവും നിശ്ചയദാർഢ്യവും വിജയദാഹവുമെല്ലാം കൂടെ വേണം. ഇതെല്ലാം നമ്മുടെ ഇഷ്ട ടീമുകൾക്കുണ്ടാവട്ടെ!